
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വസതിയിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ
നേതാവുമായ വി.ഡി. സതീശന്‍. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലായിരുന്നു കൂടിക്കാഴ്ച.
ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് സതീശന്‍ പിണറായിയുടെ വീട്ടിലെത്തിയത്. പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശാസ്തമംഗലത്തെ അടൂര്‍ പ്രകാശിന്റെ വീട്ടില്‍ പോയതിനുശേഷമായിരുന്നു പിണറായിയുടെ വീട്ടിലെത്തിയത്. വീടിന് പുറത്തേയ്ക്ക് ഇറങ്ങിവന്നാണ് പിണറായി വിജയനും കുടുംബവും വി.ഡി. സതീശനെ സ്വീകരിച്ചത്. പിണറായി വിജയന്റെ ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ സന്നിഹിതരായിരുന്നു. കമല വിജയന്‍ സതീശന് ചായ നല്‍കി. ശേഷം പിണറായിയും സതീശനും സൗഹൃദ സംഭാഷണം നടത്തി. മുന്‍ എംഎല്‍എ വി.കെ.പ്രശാന്ത്, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പന്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. താന്‍ പിണറായി വിജയനെ കാണാനെത്തിയത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും സീനിയറായ ആളാണെന്ന നിലയിലും പത്തുവര്‍ഷം
മുഖ്യമന്ത്രിയായിരുന്ന ആളാണെന്ന നിലയിലും 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന ആളാണെന്ന നിലയിലുമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വരികയാണ്. കേരളത്തിന്റെ പ്രധാന കാര്യങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കുകയാണ്. സര്‍ക്കാരുകള്‍ എന്നാല്‍ തുടര്‍ച്ചയാണ്. ഒരു സര്‍ക്കാര്‍ തുടങ്ങിയ പരിപാടി മറ്റൊരു സര്‍ക്കാര്‍ മാറ്റിയാല്‍ കേരളം ഉണ്ടാകില്ല. അദ്ദേഹത്തെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു.’- വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പിണറായി വിജയന്‍ മാധ്യങ്ങളോട് പ്രതികരിച്ചില്ല.
















