കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍
പ്രകടനം. എറണാകുളത്ത് നെട്ടൂരിലായിരുന്നു ആദ്യ പ്രകടനം നടന്നത്. അതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലയായ കണ്ണൂരിലടക്കം സതീശന്‍ അനുകൂല പ്രകടനം നടന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തെരുവിലറങ്ങിയത്. വി.ഡി.സതീശന്റെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡും പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. പടനയിച്ചവന്‍ നാട് നയിക്കട്ടെയെന്നായിരുന്നു പോസ്റ്റര്‍. മറ്റാര് മുഖ്യമന്ത്രിയായാലും അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുത്തേ മുത്തേ മണി മുത്തേ, കണ്ണേ കരളേ വി.ഡി.എസ്സേ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന ചതിയാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നിലപാട് എടുക്കുന്നവനെയാകണം മുഖ്യമന്ത്രിയാക്കേണ്ടത്. പണിയെടുത്തവനാണ് കൂലി കൊടുക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ജനവികാരം മാനിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.















