ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയശില്പി കെ.സി.വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന്. എംഎല്‍എമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെസി വേണുഗോപാല്‍ മിടുക്കനാണ്. അദ്ദേഹം ഇന്ത്യയില്‍ കോണ്‍ഗ്രസ് എങ്ങനെ പോകണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള നേതാവാണ്. ഒരുപക്ഷേ കോണ്‍ഗ്രസിലെ മൂന്നാം സ്ഥാനക്കാരനാണ്. രാജ്യത്തുതന്നെ സ്വാധീനമുള്ളയാളാണ് കെസി വേണുഗോപാലെന്നും അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ഒരുപാട് എംഎല്‍എമാരെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെസിക്ക് നയചാതുര്യവും നേതൃഗുണവും ഉണ്ട്. അദ്ദേഹത്തിന് ഡല്‍ഹിയില്‍ ഇരുന്നാലും
കേരളം ഭരിക്കാന്‍ സാധിക്കും. അദ്ദേഹം ഇങ്ങോട്ടേക്ക് വരുമോ എന്നത് സംശയമാണ്. കൊച്ചുകേരളത്തില്‍ കറുക പുല്ല് മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ ഒരുപാട് കരിമ്പിന് തോട്ടങ്ങള്‍ ഉള്ളപ്പോള്‍ ഈ കറുകപുല്ല് തിന്നാന്‍ വരുമെന്ന് എനിക്ക് തോന്നുന്നില്ലെന്നാണ് എസ്എന്‍ഡിപി യോഗം സെക്രട്ടറിയുടെ പ്രതികരണം.
എല്‍ഡിഎഫിന്റെ തോല്‍വിക്ക് താനും ഒരു കാരണമായെന്ന ആരോപണത്തെ വെള്ളാപ്പള്ളി നടേശന് തള്ളി. അങ്ങനെ ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് അദ്ദേഹം പറഞ്ഞു.
















