തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പ്രതിഷേധത്തില്‍ ആര്‍.ശ്രീലേഖക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ആര്‍.ശ്രീലേഖ മുതിര്‍ന്ന
ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകയും ആയിരുന്നുവെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സേനയോട് അനുഭാവപൂര്‍വം പെരുമാറണമെന്നുമായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം. കേസിലെ അഞ്ചാം പ്രതിയാണ് ആര്‍.ശ്രീലേഖ. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് കേസില്‍ ആറാം പ്രതിയാണ്. ഇരുവര്‍ക്കും എതിരായ നടപടി ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളില്‍ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘര്‍ഷം. വട്ടിയൂര്‍കാവിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷന്‍ മാര്‍ച്ചിലായിരുന്നു പൊലീസിനെതിരായ മുന്‍ ഡിജിപിയുടെ മുദ്രാവാക്യം വിളി. കേരളത്തിലെ ആദ്യ വനിത ഡിജിപി ഇങ്ങനെ പൊലീസിനെ വിളിക്കാമോ എന്നായിരുന്നു ഐപിഎസ് അസോസിയേഷനിലെ ചോദ്യം. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചുള്ള സംഘപരിവാര്‍
സംഘടനകളുടെ മാര്‍ച്ചില്‍ മറ്റൊരു മുന്‍ ഡിജിപി ടി.പി.സെന്‍കുമാറും പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ ഡിജിപിമാരുടെ പരാമര്‍ശങ്ങളില്‍ സേനയില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതേസമയം, ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഫ്‌ലൈറ്റ് പാത്തിലെ വ്യതിയാനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ അപകടകാരണം വ്യക്തമാകുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.















