
കോഴിക്കോട്: മാധ്യമ രംഗത്തെ മികച്ച സംഭാവനകള്‍ക്ക് അംഗീകാരമായി പ്രസ് ലൈവ് ഏഷ്യന്‍ ഗ്രാഫ് ജേണലിസ്റ്റ്സ് ആന്റ് റിപ്പോര്‍ട്ടേഴ്സ് അസോസിയേഷന് (പിഎജെ-ആര്)
സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പ് കോഴിക്കോട് നടക്കും. അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇത്തവണ പുരസ്കാരം.
റിപ്പോര്‍ട്ടര്‍ ടി.വി. പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആര്. റോഷിപാല്‍, ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജിജോ ജോര്‍ജ്, മെട്രോ ജേണല്‍ ഓണ്‍ലൈന്‍ ചീഫ് എഡിറ്റര്‍ സലാഹുദ്ദീന് വി.പി, അഹല്യ എഫ്എം 90.4 റേഡിയോ ജോക്കി സുനില്‍ സുബ്രഹ്മണ്യന്, വയനാട് വിഷന്‍ പ്രാദേശിക ടെലിവിഷന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് സന്ദീപ് സത്യ എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ വാര്‍ത്തകള്‍ പരിഗണിച്ചാണ് റോഷിപാലിന് പുരസ്കാരം. കായിക റിപ്പോര്‍ട്ടിംഗിലെ മികവ് പരിഗണിച്ചാണ് ജിജോ ജോര്‍ജ് പുരസ്കാരത്തിന് അര്‍ഹനായത്.
ഇതിനൊപ്പം മാധ്യമപ്രവര്‍ത്തനത്തിലെ മികവ്, പ്രൊഫഷണല്‍ സംഭാവനകള്‍, വിവിധ
മാധ്യമ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകള്‍ എന്നിവ കൂടി പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ചടങ്ങിനോടനുബന്ധിച്ച് ഏഷ്യന്‍ഗ്രാഫ് ഡെയിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. മാധ്യമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിനൊപ്പം മാധ്യമരംഗത്തെ പുതിയ പ്രവണതകള്‍, ഡിജിറ്റല്‍ മാധ്യമങ്ങളുടെ വളര്‍ച്ച, മാറിവരുന്ന മാധ്യമപ്രവര്‍ത്തന രീതികള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീനം, മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാവി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കേരള ജേണലിസം കോണ്‍ക്ലേവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
പുരസ്കാര ചടങ്ങിന്റെയും കേരള ജേണലിസം കോണ്‍ക്ലേവിന്റെയും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പരിപാടിയുടെ തീയതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
















