കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭാര്യ നൽകിയ ഹർജി
അംഗീകരിച്ചാണ് ഉത്തരവ്. സുഗതന്റെ തടവ് കോർപ്പറേഷനിലെ ഭരണക്ഷിയായ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. കോടതി നടപടി ബിജെപിക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുഗതൻ ഉടൻ ജയിൽ മോചിതനാകും. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് സുഗതൻ. 2019 ഓഗസ്റ്റ് 25ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനഃപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമം, 2023 ജൂലായ് 20ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു, 2023
ജൂലായ് 17ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമം, 2025 ജൂലായ് 25ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തി, 2026 ഫെബ്രുവരി രണ്ടിന് ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തി എന്നീ കേസുകളിൽ പ്രതിയാണ് സുഗതൻ. ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതൻ സമൂഹത്തിന് ഭീഷണിയാണ് എന്നായിരുന്നു കളക്ടറുടെ ഉത്തരവിൽ പറഞ്ഞത്.
















