തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനൊരുങ്ങി കെഎസ്ഇബി. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് നീക്കം. ഇക്കാര്യത്തിൽ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും.
വൻ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടുന്നതിനൊപ്പം വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്ക് സാമ്പത്തിക പിന്തുണ കൂടി നൽകണമെന്നും കത്തിൽ ആവശ്യപ്പെടും.
സർക്കാരിന്‍റെ അനുമതി ലഭിച്ച ശേഷമാകും പുതിയ കരാറുകളുമായി റെഗുലെറ്ററി കമ്മിഷനെ സമീപിക്കുക.
അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി വൈദ്യുതി രംഗത്തെ വിദഗ്ധരുമായി ചർച്ച നടത്തി. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരെയും കണ്ടു. കൂടാതെ, വൈദ്യുതിക്കായി ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയും മറ്റ് സംസ്ഥാനങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്.
















