തിരുവനന്തപുരം: ഇ.ഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ബിജെപിയുടെ ഒരു പോഷക വകുപ്പായിട്ടാണ് ഇ.ഡി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെതിരെ ഇ.ഡി കേസെടുക്കുകയും ആ കേസുകളില്‍പെടുന്നവര്‍ ബിജെപിയില്‍ ചേരുന്നതോടെ കേസ് തീരുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇ.ഡിയെ പേടിച്ച് ബിജെപിയില്‍ ചേരുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയല്ല സിപിഎം എന്ന് ഇ.ഡിക്ക് ഇനി കേരളത്തില്‍ നിന്ന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ കൂടിയായ ഒരു നിയമസഭാംഗം മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. വിജിലന്‍സ് കോടതി കേസിന് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. പരാതിയുമായി വന്നയാള്‍ക്ക് രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും കോടതിയുടെ സമയം ഇതിനായി മെനക്കെടുത്തരുതെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയതെന്നു ബേബി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ നേതാക്കള്‍ക്കെതിരെ ഇ.ഡിയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ.ഡി നീങ്ങുമ്പോള്‍ അതിനെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും മന്ത്രിമാര്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സമാന രീതിയില്‍ നീങ്ങിയിട്ടുണ്ട്. ഇത്തരം നടപടികളോടുള്ള എഐസിസി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം.എ.ബേബി പറഞ്ഞു.















