
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ വായാട് ഉന്നതിയിലെ സുനില്‍ കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച സംഭവത്തില്‍ ജനങ്ങളുടെ ആശങ്ക നീങ്ങിയില്ല. സുനിലിനെ കുത്തിക്കൊന്ന
കാട്ടുപോത്തിനെ കണ്ടെത്താന്‍ നടത്തിയ ശ്രമം വിഫലം. നെല്ലിപ്പുഴ പ്രദേശത്ത് കാട്ടുപോത്തുകളെ കണ്ടെത്താന്‍ വനംവകുപ്പ് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയുണ്ടായി. കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശേരി റേഞ്ച് പരിധിയിലുള്ള 50 റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് തെരച്ചലില്‍ ഏര്‍പെട്ടത്. സന്ധ്യ വരെ തെരച്ചില്‍ നടത്തിയെങ്കിലും സുനിലിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് ദിവസമായി വനംവകുപ്പിന്റെ
നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സുനില്‍ കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ചത്. സുനിലിനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം.
ആള് പെരുമാറ്റം കണ്ട് കാട്ടുപോത്ത് ഉള്‍വനത്തിലേക്ക് പോയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് വനംവകുപ്പ്. മൂന്നു കാട്ടുപോത്തുകളാണ് പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുവരെ ആര്‍ആര്‍ടി ഉള്‍പ്പെടെയുള്ള വനപാലക സംഘം പ്രദേശത്ത് ക്യാംപ് ചെയ്യും. വയനാട്ടില്‍ നിന്ന് കൂടുതല്‍ സംഘം ഈ മേഖലയിലെത്തി തെരച്ചലില്‍
പങ്കുചേരും.
അടിയന്തര ധനസഹായം കൈമാറി
സുനിലിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ അഞ്ചു ലക്ഷം രൂപ കൈമാറി.
കെ.എം. അഭിജിത്ത് എംഎല്‍എയാണ് തുക കൈമാറിയത്. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂര്‍, ഡിഎഫ്ഒ ജോഷി ലിന എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.
















