
വടകര: ആയഞ്ചേരി പഞ്ചായത്തിലെ തറോപ്പൊയില്‍ ജനവാസ മേഖലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ കാലിബ്രേഷന്‍ സ്ഥാപനം അടച്ചുപൂട്ടണമെന്ന്
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന ആശങ്ക പ്രദേശവാസികളില്‍ വ്യാപകമായിരിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. ഇത്തരമൊരു സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നത് അനുചിതമാണെന്നും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സിഎന്‍ജി സിലിണ്ടറുകളുടെ സുരക്ഷയും കൃത്യതയും ഉറപ്പാക്കാനായി നടത്തുന്ന ഹൈഡ്രോ ടെസ്റ്റിംഗ് ആണ് സിഎന്‍ജി സിലിണ്ടര്‍ കാലിബ്രേഷന്‍
എന്നറിയപ്പെടുന്നത്.
മലിനീകരണം, സുരക്ഷ, പൊതുജനാരോഗ്യം എന്നിവ സംബന്ധിച്ച് അടിയന്തര പരിശോധന നടത്തണമെന്നും ജനങ്ങളുടെ പരാതികള്‍ പരിഗണിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും നിയമപരമായി പരിശോധിക്കണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഷഫീഖ് തറോപൊയില്‍, അബ്ദുള്‍ ലത്തീഫ് കിനാലിയോട്ട്, എന്‍. അബ്ദുള്‍ സലാം, ഹാരിസ് നെല്ലിയുള്ളതില്‍ എന്നിവര്‍ പങ്കെടുത്തു.
















