
കൊയിലാണ്ടി: പറമ്പില്‍ ഇര തേടി എത്തിയ മയിലിനെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്ന് രാവിലെ കുറുവങ്ങാട് തച്ചിലേരി പറമ്പിലാണ് മയിലിനെ പെരുമ്പാമ്പ് അകത്താക്കിയത്. ഈ
പ്രദേശത്ത് എത്തിയ മയിലിനെ പെരുമ്പാമ്പ് പിടികൂടുകയായിരുന്നു. പിടിക്കലും വിഴുങ്ങലും പെട്ടെന്നായിരുന്നു. ഇതിനിടയില്‍ മയിലിന്റെ കരച്ചല്‍ കേട്ടാണ് സമീപവാസികള്‍ കാര്യം അറിയുന്നത്. ചെന്നു നോക്കിയപ്പോള്‍ മയിലിനെ പാമ്പ് ശാപ്പാടാക്കിയ നിലയിലായിരുന്നു. നാട്ടുകാരുടെ ബഹളത്തിനിടയില്‍ മയിലിനെ പുറന്തള്ളിയ ശേഷം പെരുമ്പാമ്പ് സമീപത്തെ
വാഴയില്‍ ചുറ്റി നിന്നു.
നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതിനു പിന്നാലെ നന്തിയിലെ സര്‍പ്പ വളണ്ടിയര്‍ പ്രതീഷ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. ജീവന്‍ നഷ്ടപ്പെട്ട മയിലിന്റെ കാര്യത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെത്തി തുടര്‍നടപടി സ്വീകരിച്ചു. പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ വനത്തില്‍ തള്ളാന്‍ കൊണ്ടുപോയി.
-സുധീര്‍ കൊരയങ്ങാട്
















