
കളിമുറ്റം നാടക ക്യാമ്പ്
നാടക പ്രവര്ത്തകന് പേരാമ്പ്രയിലെ കെ.പി.സജീവന് രൂപം നല്കിയ കളിമുറ്റം നാടക ക്യാമ്പിന് വയസ് 25. വേറിട്ടൊരു കഥയാണ് കളിമുറ്റത്തിന് പറയാനുള്ളത്. ഏതെങ്കിലുമൊരു
സ്ഥലത്ത് കേന്ദ്രീകരിച്ച് ക്യാമ്പ് നടത്തുക എന്നതല്ല സജീവന്റെ രീതി. സഞ്ചരിക്കുന്ന ക്യാമ്പാണിത്. പ്രധാനമായും സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന കളിമുറ്റം ക്യാമ്പ് സില്‍വര്‍ ജൂബിലിയില്‍ എത്തിയിരിക്കുന്നു.
കെ.പി.സജീവന് എന്ന നാടക പ്രവര്ത്തകന് തോന്നിയ ഇത്തരമൊരാശയം നല്ലൊരു പങ്ക് സ്കൂളിലുമെത്തിയെന്ന് പറയാം. കേരളത്തിനകത്തും പുറത്തുമായി നാലായിരത്തില്‍പ്പരം സ്കൂളുകളില്‍ സജീവന്റെ കളിമുറ്റമെത്തി. രണ്ട് ലക്ഷത്തില്‍പ്പരം കുട്ടികള്‍ ഈ ക്യാമ്പിന്റെ ഭാഗമായിരിക്കുന്നു. 2001 പുതുവര്‍ഷ ദിനത്തില്‍ പാവങ്ങാട് പുത്തൂര്‍ വെട്ടം യുപി
സ്കൂളില്‍ നാടകാചാര്യന് കെ.ടി മുഹമ്മദാണ് കളിമുറ്റം നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. നിലക്കാത്ത കൈയ്യടിയോടെയാണ് ഇപ്പോഴും ഇതിന്റെ ജൈത്രയാത്ര.
രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെ കുട്ടികളില്‍ കലാപരമായ കഴിവിന്റെ ആവേശം സൃഷ്ടിക്കുകയാണ് കളിമുറ്റം ചെയ്യുന്നത്. പ്രൈമറി സ്കൂളുകളില്‍ വിദ്യാരംഗം പരിപാടിയുടെ ഭാഗമായിട്ടാണ് ക്യാമ്പ്. ഹൈസ്കൂള്‍ തലത്തില്‍ എട്ട് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ തെരഞ്ഞടുക്കപ്പെട്ട കുട്ടികള്‍ക്ക് ക്യാമ്പ് നടത്തുന്നു. മാസത്തില്‍ രണ്ടോ മൂന്നോ ക്യാമ്പുകള്‍ ഓരോ വിദ്യാലയത്തിലും നടക്കും. ചിട്ടയായ പരിശീലനം പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. ഇതിനോടുള്ള കമ്പം കയറി വീണ്ടും വീണ്ടും ക്യാമ്പിന് വേദിയാകുന്ന വിദ്യാലയങ്ങളുണ്ട്. നാടകാഭിനയത്തിന്റെ വൈവിധ്യങ്ങളാണ് ക്യാമ്പില്‍
പരിശീലിപ്പിക്കുന്നത്. ഇളംപ്രായത്തില്‍ ലഭിക്കുന്ന പരിശീലനം കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു.
കളിമുറ്റം വെറുമൊരു നാടക ക്യാമ്പ് മാത്രമല്ല കുട്ടികളിലെ അപകര്‍ഷതാ ബോധം മുതല്‍ തണുപ്പന്‍ മട്ടില്‍ കഴിയുന്ന അവസ്ഥവരെ ഇല്ലാതാക്കി ഊര്‍ജസ്വലരാക്കി മാറ്റുന്ന ഒരു മാജിക്കല്‍ ക്യാമ്പാണ് കളിമുറ്റം. എവിടെയും എത്തില്ല എന്ന തോന്നലില്‍ നിന്ന് താന്‍ മിടുക്കനാണെന്ന് ഓരോ കുട്ടിയും സ്വയം തിരിച്ചറിയുന്ന അറിവിന്റെ പാഠശാലയാണ് ഈ നാടക ക്യാമ്പ്. ഈ രൂപത്തില്‍ കുട്ടികളില്‍ മാറ്റത്തിന്റെ സന്ദേശമേകിക്കൊണ്ട്
ആത്മവിശ്വാസം പകരുകയാണ് കെ.പി.സജീവന് ചെയ്യുന്നത്. ഇതോടൊപ്പം ഭിന്നശേഷി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നാടക തെറാപ്പിയും നാടക യോഗയും അടക്കമുള്ള നാടക സങ്കേതങ്ങള്‍ പതിനഞ്ച് വര്‍ഷമായി സ്പഷ്യല്സ്കൂളുകളില് അവതരിപ്പിച്ചു
വരുന്നുമുണ്ട്.
അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ കളിമുറ്റം നാടക ക്യാമ്പ് നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എം.എ.ബേബി സാംസ്കാരിക മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം വെഞ്ഞാറാമുട് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കളിമുറ്റം ക്യാമ്പ് സന്ദര്‍ശിക്കുകയും സജീവന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരം നല്‍കുകയും ചെയ്തു. 2023-24 വര്‍ഷത്തില്‍ വേള്‍ഡ് ഡ്രാമാ ബുക്സ് ഏര്‍പ്പെടുത്തിയ മികച്ച നാടക വര്‍ക്ക്ഷോപ്പുകളെ കണ്ടെത്തുന്നതില്‍ നടത്തിയ ലോക നാടക സര്‍വ്വേയില്‍ കളി മുറ്റത്തിന് അംഗീകാരം ലഭിക്കുകയുണ്ടായി. ഗിന്നസ് അഭിനന്ദനം, ഏഷ്യാ ബുക്സ് അഭിനന്ദനം, ഡല്‍ഹി ജനസംസ്കൃതി പുരസ്കാരം, റോമിലെ സലേഷ്യന്‍
സര്‍വകലാശാലയുടെ അഭിനന്ദനം, മഹാരാഷ്ട്ര പുരസ്കാരം, ഗിരീഷ് കര്‍ണാട് പുരസ്കാരം എന്നിവ കളിമുറ്റത്തെ തേടിയെത്തി.
കെ.പി.സജീവനെ സംബന്ധിച്ചിടത്തോളം നാടകം തീര്‍ച്ചയായും ദൗര്‍ബല്യമാണ്. നാടകാഭിനയത്തിന്റെ കലാപരമായ സൗന്ദര്യം ആസ്വദിച്ചുള്ള പ്രയാണത്തിലാണ് അദ്ദേഹം.

നാടകക്യാമ്പ് നടത്തുക മാത്രമല്ല നാടകാഭിനയത്തിലും സജീവമാണ്. സജീവന്റെ ഒറ്റയാള്‍ നാടകങ്ങളും ശ്രദ്ധേയമാണ്. കുട്ട്യാട്ടന്‍, സഖാവ് പുഷ്പന് എന്നിവ ഇപ്പോഴും അവതരിപ്പിക്കുന്നു.
ഭാര്യ ശ്രീജ അംഗന്‍വാടി ടീച്ചറാണ്. മക്കള്‍ അവന്തിക ബാംഗ്ലൂരില്‍ അധ്യാപികയാണ്. മറ്റൊരു മകള്‍ നിവേദിക പേരാമ്പ്ര ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
സജീവനെ ബന്ധപ്പെടേണ്ട നമ്പര്‍: 9846163745
-ആര്.കെ.പി
















