
കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിന്റെ ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തെ 2-1 ന് തകര്‍ത്ത് സ്‌പെയിന്‍ സെമിയില്‍ കടന്നു.
കാലിഫോര്‍ണിയയിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടിയ മൈകെല്‍ മെറിനോ ആണ് വീണ്ടും സ്‌പെയിന്റെ ഹീറോ ആയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച ആക്രമണ ഫുട്‌ബോള്‍ ആണ് പുറത്തെടുത്തത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ അപ്രതീക്ഷിതമായി ഇടം നേടിയ ഫാബിയാന്‍ റൂയ്‌സിലൂടെ 30-ാം മിനിറ്റില്‍ സ്‌പെയിനാണ് ആദ്യം ലീഡ് എടുത്തത്. ഡാനി ഒല്‍മോയുടെ ശക്തമായ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് തട്ടിയകറ്റിയെങ്കിലും റീബൗണ്ടില്‍ നിന്ന് റൂയ്‌സ് പന്ത് വലയിലെത്തി
ക്കുകയായിരുന്നു. എന്നാല്‍ ബെല്‍ജിയം അധികം വൈകാതെ തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ കെവിന്‍ ഡി ബ്രൂണ നല്‍കിയ പാസില്‍ നിന്നു തിമോത്തി കാസ്റ്റഗ്‌നെ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസ്സ്, മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ചാള്‍സ് ഡി കെറ്റെലെയര്‍ സ്‌പെയിന്റെ വലയിലാക്കി (1-1). ഈ ലോകകപ്പില്‍ സ്‌പെയിന്‍ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. ഇതോടെ സ്പാനിഷ് ഗോള്‍കീപ്പര്‍ ഉണൈ സൈമണിന്റെ 650 മിനിറ്റുകള്‍ നീണ്ട ക്ലീന്‍ ഷീറ്റ് റെക്കോര്‍ഡും അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോളിനായി പരമാവധി ശ്രമിച്ചെങ്കിലും പ്രതിരോധ നിരകള്‍ ഉറച്ചുനിന്നു. 71-ാം മിനിറ്റില്‍ ബെല്‍ജിയത്തിന് കനത്ത തിരിച്ചടിയായി അവരുടെ വിശ്വസ്തനായ ഗോള്‍കീപ്പര്‍ കോര്‍ട്ടോയിസ് പരിക്കേറ്റ് കണ്ണീരോടെ കളം വിട്ടു. പകരം യുവ ഗോള്‍കീപ്പര്‍ സെന്നെ ലാമ്മെന്‍സ് ആണ് പോസ്റ്റിന് മുന്നിലെത്തിയത്. മത്സരം എക്‌സ്ട്രാ
ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ 88-ാം മിനിറ്റില്‍ നാടകീയമായ വിജയഗോള്‍ പിറന്നു. പൗ ക്യൂബാര്‍സിയുടെ ലോ ഷോട്ട് കൈപ്പിടിയിലൊതുക്കുന്നതില്‍ സബ്സ്റ്റിറ്റിയൂട്ട് ഗോള്‍കീപ്പര്‍ ലാമ്മെന്‍സിന് പിഴച്ചു. പന്ത് കൈകളില്‍ നിന്ന് വീണ അവസരം മുതലെടുത്ത്, രണ്ട് മിനിറ്റ് മുന്‍പ് മാത്രം കളത്തിലിറങ്ങിയ മൈകെല്‍ മെറിനോ പന്ത് ശക്തമായ ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റി സ്‌പെയിന് നാടകീയ വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ സ്‌പെയിന്‍ സെമിയില്‍ പ്രവേശിച്ചു. ഡാല്ലസില്‍ നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് ആണ് സ്‌പെയിന്റെ എതിരാളികള്‍. ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്തായി.
















