
വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സാമ്പത്തിക വഞ്ചനയെ തുടര്‍ന്ന് തിരുവള്ളൂര്‍ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്ത
സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിന് തിരുവള്ളൂരില്‍ ബഹുജന കൂട്ടായ്മ നടക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇബ്രാഹിം ഹാജിയുടെ മരണത്തിന് ഉത്തരവാദികളായ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ്
നേതൃത്വത്തില്‍ ആക്ഷന്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഇക്കഴിഞ്ഞ മെയ് 29നാണ് ഡിസിസി സെക്രട്ടറി പഴങ്കാവിലെ ടി.വി.സുധീര്‍ കുമാറിന്റെ വീട്ടു വരാന്തയില്‍ ഇബ്രാഹിം ഹാജി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ താന്‍ നിക്ഷേപിച്ച പണം സൊസൈറ്റി ഭാരവാഹികള്‍ തട്ടിയെടുത്തു എന്ന ഇബ്രാഹിം ഹാജിയുടെ മരണമൊഴിയും വോയിസ് ക്ലിപ്പും പുറത്തുവന്നിട്ടും പോലീസ് കേസെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നിരവധി പേരാണ് സൊസൈറ്റിയുടെ വഞ്ചനക്ക് ഇരയായത്. സൊസൈറ്റിക്കെതിരായി
കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇബ്രാഹിം ഹാജിയുടെ വോയിസ് ക്ലിപ്പിന്റെയും മരണമൊഴിയുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെ നിക്ഷേപത്തുകയും പലിശയും അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സുരേഷ്, കണ്‍വീനര്‍ എന്‍ കെ അഖിലേഷ്, പി.കെ ശ്രീധരന്‍, കരുവാണ്ടി സുരേഷ്, വള്ളില്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
















