
ബോസ്റ്റണ്‍: കിലിയന്‍ എംബാപ്പെയുടെ ഗോളടി മികവ് പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് ഒസ്മാന്‍ ഡെംബെലെയുടെ ഹാട്രിക്ക് വിരുന്ന്. ഈ കരുത്തില്‍ ഗ്രൂപ്പ് ഐയിലെ അവസാന
മത്സരത്തില്‍ നോര്‍വേയെ തകര്‍ത്ത് ഫ്രാന്‍സ് ഗ്രൂപ്പ് ജേതാക്കളായി. ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ ജയം. ഡെംബെലെയുടെ മൂന്നു ഗോളുകളും പിറന്നത് ആദ്യപകുതിയില്‍. ഇന്‍ജുറി ടൈമില്‍ ഡെറീറേ ടുവെയും ഫ്രാന്‍സിനായി സ്കോര്‍ ചെയ്തു.
ഫൊണ്ടെയ്നും കിലിയന്‍ എംബാപ്പെയ്ക്കും ശേഷം ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമാണ് ഡെംബെലെ. താരത്തിന്റെ ആദ്യ രണ്ടു ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് കിലിയന്‍ എംബാപ്പെയായിരുന്നു.
21ാം മിനിറ്റില്‍ തിയോ ആസ്ഗാര്‍ഡാണ് നോര്‍വേയ്ക്കായി സ്കോര്‍ ചെയ്തത്. ആദ്യ ഇലവനില്‍
10 മാറ്റങ്ങളുമായി കളത്തിലിറങ്ങിയ നോര്‍വേ പലപ്പോഴും ഫ്രാന്‍സ് പ്രതിരോധത്തെ വിറപ്പിച്ചിരുന്നു. 48-ാം മിനിറ്റില്‍ നോര്‍വേയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും സ്ട്രാന്റ് ലാര്‍സന്റെ ദുര്‍ബലമായ കിക്ക് ഫ്രഞ്ച് ഗോളി മൈക്ക് മെന്യോണ്‍ രക്ഷപ്പെടുത്തി. ഓസ്കാര്‍ ബോബിനെ തിയോ ഹെര്‍ണാണ്ടസ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനഗല്‍ ഇറാഖിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. പെപ്പെ ഗയെ ഇരട്ട ഗോള്‍ നേടി. ഹബീബ് ഡിയാര, ഇസ്മാലിയ സാര്‍, ലിമാന്‍ എന്‍ഡിയായെ എന്നിവരാണ് സെനഗലിന്റെ മറ്റ് സ്കോറര്‍മാര്‍.
















