വടകര: വിവാദ ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ വിഷയത്തിന്റെ മറവില്‍ പോലീസിന്റെയും മാധ്യമങ്ങളുടെയും ഒത്താശയോടെ യുഡിഎഫ് നടത്തുന്ന മാധ്യമ ഭരണകൂട വേട്ടയ്‌ക്കെതിരെ
പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണകൂട സ്വാധീനം ഉപയോഗിച്ച് കൃത്യമായ ഗൂഢാലോചനയാണ് സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്നത്. നേരത്തെ ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐ നേതാവായ റിബേഷാണ് പ്രതിയെന്ന രീതിയില്‍ നടത്തിയ പ്രചരണങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ മറ്റൊരു പ്രവര്‍ത്തകനെ പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. കേവലം സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നിരന്തരം ചോദ്യം ചെയ്യാനും കള്ളക്കേസുകളില്‍ കുടുക്കാനുമാണ് ബോധപൂര്‍വ ശ്രമം നടക്കുന്നത്. യാതൊരു തെളിവും ഇല്ലാതെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായി എന്ന കാരണത്താല്‍ മാത്രമാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസുകള്‍ ചുമത്തുന്നത്. യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനും ഡിവൈഎഫ്‌ഐ എന്ന സംഘടനയെയും പ്രവര്‍ത്തകരെയും
സംശയത്തിന്റെ മുനയില്‍ നിര്‍ത്താനുമാണ് പോലീസും യുഡിഎഫ് സംവിധാനവും ശ്രമിക്കുന്നത്. ഷാഫി പറമ്പിലിന്റെയും പാറക്കല്‍ അബ്ദുല്ലയുടെയും നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ആജ്ഞാനിവര്‍ത്തികളായി വടകരയിലെ പോലീസും എസ്‌ഐടി സംഘവും മാറിയിരിക്കുന്നു. തിരുവള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം പൂര്‍ണമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എസ്‌ഐടി രൂപീകരിക്കുകയും യുഡിഎഫ് നല്‍കുന്ന തിരക്കഥക്കനുസരിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വീണ്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മാത്രം ലക്ഷ്യമിട്ട് നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഡിവൈഎഫ്‌ഐയെയും ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ള കള്ളക്കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. നിരപരാധികളായ യുവജന പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്ന നീക്കങ്ങളില്‍ നിന്നു പോലീസ് പിന്തിരിയണം. ഭരണകൂടത്തിന്റെ തണലില്‍ നടക്കുന്ന ഈ അന്യായ വേട്ടയാടലും പീഡനങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം ഭരണകൂടവേട്ടയാടലുകള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് അതിശക്തമായ സമരങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു.















