
തിരുവനന്തപുരം: ടിപി വധക്കേസിന് പിന്നിലെ ഗൂഢാലോചന പൂര്‍ണമായി വെളിച്ചത്ത് കൊണ്ടുവരുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനത്തെ ഗൗരവമായി
എടുക്കുന്നില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം നടന്ന സമയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. അതിനുശേഷം വലിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നെയുമല്ല, ഇത്തരം കേസുകളില്‍ എത്രപേരെ അറസ്റ്റ് ചെയ്താലും ഇതില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജനങ്ങള്‍ എപ്പോഴും പറയും. എന്നാല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്നില്ല എന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് പുനഃരന്വേഷണം ആവശ്യപ്പെടാതിരുന്നത്? കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യണമെന്ന് അവര്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ചോദിച്ചു.
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുക്കവെയാണ് തിരുവഞ്ചൂര്‍ ഇക്കാര്യം പറഞ്ഞത്.
ഒരു കൊലപാത കേസില്‍ രണ്ടുതരക്കാരാണ് ഉണ്ടാവുക. ഒന്ന് കൊലപാതകം നടത്തിയവര്‍, രണ്ട് ഗൂഢാലോചന നടത്തിയവര്‍. ഗൂഢാലോചനയ്ക്ക് അകത്ത് തെളിവുകള്‍ ഉള്ള ഗൂഢാലോചന ഉണ്ടോ എന്ന് നോക്കണം. അങ്ങനെയാണ് കുഞ്ഞനന്തന്‍ പ്രതിയാകുന്നത്. കുഞ്ഞനന്തന്‍ കൊലപാതകം ചെയ്യാന്‍ നേരിട്ട് പോയ ആളല്ല. അദ്ദേഹം വേറെ സ്ഥലത്തായിരുന്നു. ആ ഗൂഢാലോചയ്ക്ക് അകത്ത് തെളിവുകള്‍ ഉള്ള ആളുകള്‍. ആ തെളിവുകള്‍ ഉള്ള ആളുകളെ പിടിച്ചു. 800ലധികം ആളുകളെ ചോദ്യം ചെയ്ത ശേഷമാണ് 107
പ്രതികള്‍ കേസില്‍ ഉണ്ടായത്. ഇനി ഇവര്‍ മുഴുവന്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.’- തിരുവഞ്ചൂര്‍ പറഞ്ഞു.
‘കുഞ്ഞനന്തന് അപ്പുറം ആളുകള്‍ ഉണ്ടായിരുന്നോ എന്ന് പറയാന്‍ പറ്റില്ല. ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ആവശ്യമില്ലാതെ കമന്റ് പറയുന്നത് ശരിയല്ല. നമ്മള്‍ക്ക് ഒരു നിലയുണ്ട്. അതില്‍ ഉറച്ച് നില്‍ക്കേണ്ടത് ഉണ്ട്. അതിനപ്പുറം വ്യക്തിപരമായി ഇഷ്ടമില്ലാത്തവര്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല. ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അവര്‍ക്ക് കോടതിയില്‍ പറയാം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. തെളിവുകളില്ലാതെ ഒരാളെ ഉള്‍പ്പെടുത്തിയാല്‍ ബാക്കിയുള്ള ആളുകളെയും മനഃപൂര്‍വം കുടുക്കി എന്നല്ലേ വരിക. തെളിവില്ലാത്തത് ഒന്നും നോക്കേണ്ട കാര്യമില്ല എന്നാണ് ഞാന്‍ പറഞ്ഞത്. തെളിവ് ഉള്ള കാര്യവുമായി മുന്നോട്ടുപോകുക. അങ്ങനെ സത്യസന്ധമായി പോയത് കൊണ്ടാണ് കേസ് വിജയിച്ചത്. അല്ലെങ്കില്‍ കേസ് വിജയിക്കില്ല. പി. മോഹനനെ അറസ്റ്റ് ചെയ്തതല്ലേ. അദ്ദേഹത്തെ ചോദ്യം ചെയ്തതല്ലേ. അതിന് ശേഷം അദ്ദേഹം ജയിലില്‍ കിടന്നില്ലേ. പി. മോഹനന്‍ വേറെ പക്ഷത്ത് നില്‍ക്കുന്നയാളാണ്. എന്നാല്‍ കേസിനകത്ത്
പ്രതിയാക്കാന്‍ പറ്റില്ല. പി. ജയരാജനെതിരെയും മകനെതിരെയും ആരോപണം വന്നല്ലോ. ഞാന്‍ ആവശ്യമില്ലാത്തത് കൊണ്ടുവരാന്‍ സമ്മതിക്കില്ല. കള്ളക്കേസ് ഉണ്ടാക്കാന്‍ സമ്മതിക്കുന്ന പ്രശ്നമില്ല. രാഷ്ട്രീയമായി യോജിപ്പും വിയോജിപ്പും രണ്ടാമത്തെ കാര്യമാണ്. ഇല്ലാത്തയാളെ കൊലക്കേസില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ. കൊല ചെയ്തു, പ്രതികളെ ഞങ്ങള്‍ ഹാജരാക്കിയേക്കാം എന്ന് പറയുന്ന പഴയ ശൈലി ഉണ്ടായിരുന്നു. എന്നോടും പറഞ്ഞു. സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ. ഞാന്‍ പറഞ്ഞു വേണ്ട, അവിടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു. ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. ഞങ്ങള്‍ പേര് തന്നേക്കാം. വേണ്ട അതൊക്കെ അവിടെ ഇരുന്നോട്ടെ. ഞങ്ങള്‍ കണ്ടുപിടിച്ചോളാം എന്ന് പറഞ്ഞു. അങ്ങനെ പറയാന്‍ ആത്മധൈര്യം ഉണ്ടായത് കൊണ്ടാണ് കേസ് ശരിയായ പാതയില്‍ പോയത്. അതിനര്‍ഥം ഇല്ലാത്ത ആളെ കേസില്‍ ചേര്‍ക്കുക എന്നല്ല. നീതിബോധത്തിന്റെ അംശത്തിലാണ് പോയത്’- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
















