
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍. നവീന്‍ ബാബുവിന്റെ
കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.
കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. യുഡിഎഫ് സര്‍ക്കാര്‍ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പി പി ദിവ്യയാണ് ഏക പ്രതി.13 സാക്ഷികളെ പുതുതായി ചേര്‍ത്ത നവീന്‍ ബാബു കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സാക്ഷിപ്പട്ടികയില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണഭാഗവും ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് തുടരന്വേഷണം നടത്തി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചത്. 2024 ഒക്ടോബര്‍ 15ന് പുലര്‍ച്ചെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
















