
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിര്‍വഹിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഗവര്‍ണര്‍ നടത്തിയത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കുമെന്നും പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
പ്രസംഗത്തില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമര്‍ശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന്
സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്ചവെക്കും. ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുന്‍തൂക്കം നല്‍കും. സേവന മേഖലയില്‍ നിന്ന് പിന്മാറില്ല. കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അര്‍ഹവുമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരന്റിയായ വയോജന
വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ തീരുമാനിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും. വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും
പ്രസംഗത്തില്‍ വ്യക്തമാക്കി.
വന്ദേ മാതരം മുഴുവന്‍ വായിച്ചില്ല
ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേ മാതരം മുഴുവന്‍ വായിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളി. കേരള പോലീസിന്റെ ബാന്റ് ടീം വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിര്‍ത്തി. വന്ദേ മാതരം മുഴുവന്‍ പാടാന്‍ ലോക് ഭവന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെ ആദ്യഭാഗം മാത്രം വായിക്കുകയായിരുന്നു. ഇതോടെ ഗവര്‍ണറുടെയും ലോക്ഭവന്റെയും തുടര്‍ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്.
















