
വടകര: വലുപ്പമേറിയ ചിത്രശലഭം കൗതുകക്കാഴ്ചയായി. നാഗശലഭം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭീമന്‍ നിശാശലഭം കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിക്കുന്നതാണ്.
സാധാരണയില്‍ നിന്നു വ്യത്യസ്തമായ വലുപ്പവും ഇരുചിറകുകളിലും പാമ്പിനോട് സാമ്യം തോന്നുന്ന രൂപവുമാണ് ഇതിന്റെ പ്രത്യേകത. വടകര മുനിസിപ്പല്‍ ഒന്നാം വാര്‍ഡില്‍ പൂവാടന്‍ഗേറ്റിനു സമീപം മാപ്ലാണ്ടി സതീശന്റെ വീട്ടുവളപ്പിലാണ് അറ്റ്‌ലസ് മോത്ത് എന്ന നാഗശലഭത്തെ കണ്ടത്. വാഴയിലക്കു കീഴെ അനങ്ങാതെ കിടന്ന ശലഭം ഏവരേയും വിസ്മയിപ്പിച്ചു.
നിശാശലഭങ്ങളില്‍ ഏറ്റവും വലുതാണ് അറ്റ്‌ലസ് മോത്ത് എന്ന നാഗശലഭം. ഇതിന്റെ ശരാശരി ചിറകുകളുടെ നീളം 23 സെന്റീമീറ്റര്‍ വരെയാണ്. ഇന്ത്യ, ചൈന, മലയ, ഓസ്‌ട്രേലിയ
എന്നിവിടങ്ങളിലാണ് ഇവ വ്യാപകമായി കാണുന്നത്. ചിറകുകള്‍ വിടര്‍ത്തി നോക്കുമ്പോള്‍ ഒരു അറ്റ്‌ലസ് (ലോക ഭൂപടം) പോലെ തോന്നുന്നതിനാലാണ് ഇതിന് അറ്റ്‌ലസ് നിശാശലഭം എന്ന് പേരിട്ടത്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലും ഇത് വ്യാപകമാണ്.
പകല്‍ നേരങ്ങളില്‍ ഇലകള്‍ക്ക് കീഴെ കഴിയുന്ന ഈ പൂമ്പാറ്റ സന്ധ്യയോടെയാണ് പറക്കുക.
ഇവയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിവില്ലെന്നാണ് കണ്ടെത്തല്‍. ലാര്‍വ അവസ്ഥയില്‍ ലഭിക്കുന്ന ഭക്ഷണം കഴിച്ച് ഏതാനും ആഴ്ചകള്‍ മാത്രമേ ഇവ ജീവിക്കുകയുള്ളൂ.
















