
വടകര: വി.ഡി.സതീശന്‍ അവതരിപ്പിച്ച ബജറ്റ് യാഥാര്‍ഥ്യബോധമില്ലാത്തതാണ് കേരളത്തിന്റെ ധനകാര്യസ്ഥിതിയെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്ത ബജറ്റ് ആണ്
അവതരിപ്പിച്ചതെന്ന് ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. നിലവില്‍ കോഴിക്കോട് ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് വേണ്ടി കാര്യമായ പദ്ധതികള്‍ ഒന്നും തന്നെ ഈ ബജറ്റിലില്ല. കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം കടലാസില്‍ പോലും ഉണ്ടായില്ല. കൊയിലാണ്ടി, വടകര മേഖലകളിലെ രൂക്ഷമായ കടല്‍ക്ഷോഭത്തെ തടയാനുള്ള പുലിമുട്ട് നിര്‍മാണവും അതുപോലെതന്നെ കടല്‍ഭിത്തി നിര്‍മാണത്തിനും കാര്യമായ തുകകള്‍ ഒന്നും നീക്കിവെക്കാന്‍ ഈ ബജറ്റില്‍ സാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്ന കാര്യമായ പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ കാണാനില്ല. വന്യ മൃഗശല്യവും അതുപോലെതന്നെ കൃഷിനാശത്തിനും ശാശ്വതമായിട്ടുള്ള പരിഹാരത്തിനും നഷ്ടപരിഹാരത്തിനു വേണ്ടിയിട്ടുള്ള പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ ഇല്ല എന്നുള്ളത് ഏറ്റവും നിരാശാജനകമാണ്. കേന്ദ്ര പദ്ധതികളുടെ പേരുമാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍
അവതരിപ്പിച്ച ബജറ്റിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഈ ബജറ്റിലും കാണാന്‍ സാധിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലെയും കൊയിലാണ്ടിയിലെയും വടകരയിലെയും തീരദേശ മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള ഒരു നിര്‍ദേശവും ഈ ബജറ്റില്‍ ഇല്ല എന്നുള്ളത് ഏറ്റവും ഖേദകരമാണ്. അകലാപ്പുഴ, കോരപ്പുഴ, കൊളാവിപ്പാലം ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ ഈ സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്തെ സര്‍ക്കാര്‍ അവഗണിച്ചിരുന്നു. യാഥാര്‍ഥ്യബോധമില്ലാത്ത ദിശാബോധമില്ലാത്ത നിരാശാ ജനകമായ ബജറ്റ് ആണ് വി.ഡി.സതീശന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.















