തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പോലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. കേന്ദ്ര ഏജന്‍സി
നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പോലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയ്ഡിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ആണ് പിണറായി കുറ്റപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഹുല്‍ ആണോ ഇഡിയെ വിട്ടത്? മോദിയെ ഒരക്ഷരം പോലും പറഞ്ഞില്ല. രാഹുലിനെ ചോദ്യം ചെയ്തപ്പോള്‍ സഹകരിച്ചു. പ്രവര്‍ത്തകരെ വിട്ട് വാഹനം തല്ലിപ്പൊളിച്ചില്ല. കോടതി നിര്‍ദേശിച്ച കേസില്‍ അന്വേഷണം എങ്ങനെ വേണം എന്ന് ഞങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രി ചോദിച്ചു. താന്‍ എപ്പോള്‍ മറുപടി പറയണം എന്നതിനുള്ള അവകാശമെങ്കിലും തനിക്ക് നല്‍കണം. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താന്‍. തനിക്ക് മറുപടി പറയാനുള്ള സാവകാശം തരണം. 12 പ്രാവശ്യമാണ് മാധ്യമങ്ങള്‍ തന്നോട് ഒരേ ചോദ്യം ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ പാടാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടി ആണ് യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകും അദ്ദേഹം പറഞ്ഞു.















