
തിരുവനന്തപുരം: കാസർകോട്-തിരുവനന്തപുരം സിൽവർലൈൻ ഉപേക്ഷിച്ചതിനു പകരം അതിവേഗ റെയിൽ ഇടനാഴി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ. വന്ദേഭാരത്
അടക്കം മറ്റു ട്രെയിനുകൾക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തിൽ ബ്രോഡ്ഗേജ് പാതയാണ് ലക്ഷ്യം. മെട്രോമാൻ ഇ.ശ്രീധരന്റെ സഹായം തേടിയിട്ടാവും റെയിൽവേ മന്ത്രാലയത്തെ സമീപിക്കുക.
എന്നാൽ, ബ്രോഡ്ഗേജിൽ സിൽവർ ലൈനിൽ പ്രഖ്യാപിച്ച 200 കിലോമീറ്റർ വേഗം കിട്ടില്ല. ബ്രോഡ്ഗേജിലെ പരമാവധി വേഗമായ 160 കി. മീറ്ററിൽ ട്രെയിനോടിക്കാവുന്ന തരത്തിൽ വളവുകൾ കുറഞ്ഞ പാതയ്ക്കായിരിക്കും ശ്രമം. ജനങ്ങൾക്ക് ദുരിതമാവാത്ത രീതിയിൽ
വളരെ കുറച്ച് ഭൂമിയേറ്റെടുത്ത് തൂണുകളിലായിരിക്കും പാത. യാഥാർത്ഥ്യമായാൽ തിരുവനന്തപുരം- കാസർകോട് 580 കി. മീറ്റർ ദൂരം നാലരമണിക്കൂറിലെത്താം.
റെയിൽ പാതയുമായി ബന്ധമില്ലാത്ത സ്റ്റാൻഡേർഡ് ഗേജിലാണ് സിൽവർലൈൻ വിഭാവനം ചെയ്തിരുന്നത്. ബ്രോഡ്ഗേജിലാക്കണമെന്ന റെയിൽവേയുടെ നിർദ്ദേശം കഴിഞ്ഞ സർക്കാർ തള്ളിയിരുന്നു. ബ്രോഡ്ഗേജിനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നും വേഗത കുറയുമെന്നുമായിരുന്നു എതിർവാദം. ഇതെല്ലാം കേന്ദ്രം തള്ളിയ സാഹചര്യത്തിൽ റെയിൽവേ നയത്തിനു അനുസൃതമായി പുതിയ പദ്ധതിക്കാണ് ശ്രമം.
















