കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് പ്രധാന ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്ടെ
പ്രധാന 400 കെ.വി സബ് സ്റ്റേഷനിലെ പവർ ട്രാൻസ്ഫോർമറിനുണ്ടായ സാങ്കേതിക തകരാറാണ് ഈ പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.
ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപണികൾ പൂർണമായി തീർത്ത് സാധാരണ നിലയിലാക്കാൻ മേയ് 25 വരെ സമയം ആവശ്യമാണെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് മേയ് 25 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക.
അപ്രതീക്ഷിതമായ ലോഡ്ഷെഡ്ഡിംഗ് ഒഴിവാക്കുന്നതിനായി വൈകിട്ട് ആറ് മണി മുതൽ രാ
ത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഈ മാസം 12-ന് തകരാർ സംഭവിച്ചപ്പോൾ ഒരാഴ്ചത്തെ സമയമാണ് അറ്റകുറ്റപണികൾക്കായി ചോദിച്ചിരുന്നതെങ്കിലും, ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്ന സാഹചര്യത്തിലാണ് മേയ് 25 വരെ നിയന്ത്രണം നീട്ടിയത്.
വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും തടസങ്ങളോട് പൂർണമായി സഹകരിക്കണമെന്നും കെഎസ്ഇബി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
















