
എടച്ചേരി: അധികാരം കേന്ദ്രമാക്കിയുള്ള രാഷ്ട്രീയത്തില്‍ നിന്നു ജനങ്ങള്‍ക്കു വേണ്ട രാഷ്ട്രീയത്തിലേക്കുള്ള പരിവര്‍ത്തനമാണ് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്
വേണ്ടതെന്ന് കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ.സച്ചിദാനന്ദന്‍ പറഞ്ഞു. ഔപചാരികമായ ജനാധിപത്യത്തില്‍ നിന്നും യഥാര്‍ഥ ജനാധിപത്യത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ഈ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഎമ്മില്‍ നിന്നു പുറത്തു പോവുകയും ജനാധിപത്യ വേദി രൂപീകരിക്കുകയും ചെയ്ത എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.എസ്. ബിമലിന്റെ ഓര്‍മയില്‍
എടച്ചേരിയില്‍ നിര്‍മിച്ച ബിമല്‍ സാംസ്‌കാരിക ഗ്രാമം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദന്‍. അധികാരലാഭം രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമായിരിക്കുന്നു. അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി ജനങ്ങളുടെ ചെലവില്‍ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നു. ജാതിയും മതവും കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായെന്ന ധാരണയുടെ പൊള്ളത്തരത്തിലേക്കാണ് കണ്ണൂരിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം വിരല്‍ ചൂണ്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റേത് ഭരണഘടനയെ തകര്‍ത്ത് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ഫാസിസത്തിലേക്ക് ഇന്ത്യയെ
കൊണ്ടുപോകാനുള്ള നീക്കത്തെ പ്രതിപക്ഷം തകര്‍ത്തത് ജനാധിപത്യത്തിന്റെ വിജയമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
കെ.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഖദീജാ മുംതസ്, വീരാന്‍കുട്ടി, ഡോ. കെ വി സജയ് എന്നിവര്‍ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച മനോജ് നാരായണനെ ആദരിച്ചു. സാംസ്‌കാരിക ഗ്രാമത്തില്‍ ശില്പങ്ങളുടെ രൂപകല്‍പന ചെയ്ത ജീവരാജ് കണ്ണോത്തിന് ഉപഹാരം നല്‍കി. അഡ്വ. എം. സിജു സ്വാഗതവും എ കെ സുരേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടക അരങ്ങ് നന്ത്യാട്ട് കുന്നം അവതരിപ്പിച്ച നാടകം ചാപ്പ അരങ്ങേറി.
















