
വടകര: എണ്‍പതാം വയസിലും സീതയുടെ മനസ് തളരുന്നില്ല. ജീവിതത്തില്‍ താന്‍ നടന്നു തീര്‍ത്ത വഴികളിലൂടെ തിരിഞ്ഞു നോക്കുമ്പോള്‍ മധുരവും കയ്പ്പും നിറഞ്ഞ അനുഭവങ്ങള്‍
ഓര്‍ത്തെടുത്ത് അക്ഷരങ്ങളിലേക്ക് പകരുകയാണ് അവര്‍. പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ അക്ഷരങ്ങളില്‍ കോര്‍ത്ത് ആദ്യ കവിതാ സമാഹാരം ‘ആത്മനൊമ്പരങ്ങള്‍’ അങ്ങനെ പുറത്തിറങ്ങുകയാണ്.
വടകര ചന്തംകണ്ടിയില്‍ കണാരന്റെയും ദേവിയുടെയും മകളായ സീത തനിക്ക് ജീവിതം നല്‍കിയ പൊള്ളുന്ന അനുഭവങ്ങളാണ് കവിതയുടെ പിറവിക്കു കാരണമെന്ന് പറയുന്നു. കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഏകാന്തത ഏറെ ഇഷ്ടമായിരുന്നു. വായനയെ കൂട്ടുപിടിച്ചാണ്
ഏകാന്തത ആസ്വദിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായി. വലിയ കൂട്ടുകുടുംബത്തിലേക്ക് എത്തിപ്പെടുകയും ഉത്തരവാദിത്തങ്ങള്‍ തലയിലേറ്റുകയും ചെയ്തതോടെ കൗമാരവും ബാല്യവും സീതക്ക് പതിവ് രീതികള്‍ ആയിരുന്നില്ല. കൂട്ടുകുടുംബത്തിലെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായപ്പോഴും വായനയെ മാറ്റിനിര്‍ത്താന്‍ സീത തയ്യാറായില്ല. രാമായണവും മഹാഭാരതവും വല്ലാതെ സ്വാധീനിച്ചു. കവിതയോടായിരുന്നു പ്രണയം. ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ തുടങ്ങി പുതിയ തലമുറയിലെ കവികളെ വരെ വായിച്ചു. അതില്‍ ഏറെ ഇഷ്ടം സുഗതകുമാരിയോടാണ്. ആഴത്തിലുള്ള വായന എഴുത്തിന്റെ വഴികളിലേക്ക് കൈപിടിച്ചു
നടത്തി എന്നുതന്നെ പറയാം. അങ്ങിനെ തന്റെ മനസ്സിലേക്ക് കുത്തിയൊഴുകി വന്ന അക്ഷരങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സീതക്ക് കഴിഞ്ഞില്ല. തീര്‍ത്തും അലസമായി തുണ്ട് പേപ്പറിലും മറ്റും കോറിയിട്ട അക്ഷരങ്ങളില്‍ കവിതയുണ്ടോ എന്ന് അറിയില്ലായിരുന്നു. നമ്മള്‍ നിര്‍വചിച്ചു വെച്ച കവിതയുടെ സ്ഥിരം ചട്ടക്കൂടുകള്‍ക്കകത്താണോ അവയെന്നും അറിയില്ല. അങ്ങനെ എഴുതി ആരെയും അറിയിക്കാതെ ഒളിപ്പിച്ചുവെച്ച വരികള്‍ മൂത്തമകള്‍ സിന്ധുവാണ് കണ്ടെത്തിയത്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പുസ്തകമാക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ അമ്മക്ക് അമ്പരപ്പായിരുന്നു. അങ്ങിനെ സംഭവിക്കുമോ എന്ന് ആകാംക്ഷയായിരുന്നു. ഒടുവില്‍ 14 കവിതകള്‍ ഉള്‍പ്പെടുന്ന ‘ആത്മനൊമ്പരങ്ങള്‍ എന്ന പേരില്‍ കവിതാ സമാഹാരമായി പുറത്തിറങ്ങുകയാണ്.
എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ശശികുമാര്‍ പുറമേരിയുടേതാണ് അവതാരിക.
കടുത്ത ജീവിത പരീക്ഷണങ്ങളിലൂടെ കടന്നു പോയ
ഒരാളുടെ ആത്മവേദന തന്നെയാണ് ഈ കവിതകള്‍ എന്ന് അദ്ദേഹം പറയുന്നു. ഇതിഹാസ, പുരാണ വായനയോടൊപ്പം തനിക്കിഷ്ടപ്പെട്ട കവികളുടെയുള്ള വായനാനുഭവവും ഉള്ളിലെവിടെയോ വിശ്രമിക്കുന്ന കവിത്വത്തെ തട്ടിയുണര്‍ത്തിയതിന്റെ ഫലമാവാം ഇങ്ങനെയൊരു പുസ്തകം ജന്മം കൊണ്ടതെന്ന് അവതാരികയില്‍ പറയുന്നു.
പരേതനായ ചാത്തുക്കുട്ടിയാണ് സീതയുടെ ഭര്‍ത്താവ്. രണ്ടു മക്കള്‍. സിന്ധുവും സീനയും. മൂരാട് പുഴയുടെ തീരത്തത് എപ്പറമ്പത്ത് വീട്ടിലാണ് താമസം.
ആത്മനൊമ്പരങ്ങളുടെ പ്രകാശനം മെയ് ഒന്നിന് വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടക്കും. എസ് ശ്രീജിത്ത് ഐപിഎസ് സിനിമാസംവിധായകന്‍ പപ്പന്‍ നരിപ്പറ്റക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്യും. സുഗുണേഷ് കുറ്റിയില്‍ അധ്യക്ഷത വഹിക്കും. കോഴിക്കോട് നൗറ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
















