
കൊയിലാണ്ടി: ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടി സേവ എന്നറിയപ്പെടുന്ന സോപാന സംഗീതത്തില്‍ ജില്ലയില്‍ ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ 14 പേര്‍ അരങ്ങേറ്റം കുറിച്ചു.
മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിലാണ് അരങ്ങേറ്റം നടന്നത്. വിദേശത്തടക്കം സോപാനം പഠിപ്പിക്കുന്ന ശ്രദ്ധേയനായ മേളകലാരത്‌നം സന്തോഷ് കൈലാസിന്റെ 14 ശിഷ്യരാണ് അരങ്ങേറ്റം കുറിച്ചത്. ജില്ലയില്‍ ഒരു പക്ഷേ സംസ്ഥാനത്തു തന്നെ ആദ്യമാണ് ഇത്രയും പേര്‍ ഒന്നിച്ച് ഒരു ഗുരുവിന്റെ കീഴില്‍ സോപാന സംഗീതം പഠിച്ച് അരങ്ങേറ്റം നടത്തുന്നത്.
കേരളത്തിന്റെ തനത് സംഗീത ശാഖയും ക്ഷേത്ര അനുഷ്ഠാന കലാരൂപവുമായ സോപാനസംഗീതം ഒന്നിച്ച് പഠിച്ചത് വ്യത്യസ്ത പ്രായപരിധിയില്‍ പെട്ടവരാണ് എന്നതാണ് പ്രത്യേകത. ആറു വയസുകാരി ആഷ്മികയും എട്ടു വയസുള്ള ആഗ്‌നേയയും തൊട്ടടുത്ത
വയസുകാരി ആരാധ്യയും 11 വയസുകാരന്‍ അദ്രിനാഥും പഠിതാക്കളിലുണ്ട്.
ചെണ്ടമേളത്തില്‍ പ്രശസ്തരായ ശ്രീജിത്ത് മാരാമുറ്റം, അജിത്ത് കുമുള്ളി, ഷൈജു വെള്ളറക്കാട്, സബില്‍ കാഞ്ഞിലശേരി, നിധില്‍ അത്തോളി എന്നിവര്‍ക്കൊപ്പം കുറുംകുഴലില്‍ പ്രശസ്തനായ അരവിന്ദന്‍ കാഞ്ഞിലശേരിയും അരങ്ങേറ്റ ടീമിലുണ്ട്. മേള കലാകാരനല്ലാത്ത അനന്തുവും ഗീതാഞ്ജലി, സുജന സുരേഷ്, ലിപിന വിനോദ് എന്നീ വീട്ടമ്മമാരും സോപാനസംഗീതം സ്വായത്തമാക്കി അരങ്ങേറ്റത്തിലേക്ക് എത്തി.
ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ശ്രീകോവിലിന് മുന്നില്‍ കൊട്ടിപ്പാടിയിരുന്ന ഒരു സംഗീത ശാഖയെ മതില്‍ കെട്ടിനപ്പറം മനുഷ്യ മനസ്സിലേക്ക് എത്തിച്ചത് അന്തരിച്ച ഞെരളത്ത് രാമപ്പൊതുവാളാണ്. സംഗീത ബോധവും താളവുമുള്ള ആര്‍ക്കും ഇത് പഠിച്ചെടുക്കാമെന്നും
മനോഹരമായി അവതരിപ്പിക്കാമെന്നും സമൂഹത്തിന് പറഞ്ഞു കൊടുക്കുകയാണ് 14 പേരെ ഒന്നിച്ച് അരങ്ങേറ്റത്തിലേക്ക് എത്തിച്ച് സന്തോഷ് കൈലാസ്. ഇടയ്ക്കയില്‍ താളബോധമുണ്ടാക്കി പാട്ടിനനുസരിച്ച് കൈകാര്യം ചെയ്യാനും സംഗീതം ചേര്‍ന്ന വരികള്‍ സ്വായത്തമാക്കാനും പത്തു മാസങ്ങളാണ് ഇവരെടുത്തത്. ജാതി, ലിംഗ വ്യത്യാസമില്ലാതെ ആഗ്രഹമുണ്ടെങ്കില്‍ ആര്‍ക്കും സോപാന സംഗീത പീനം നടത്താന്‍ കഴിയുമെന്ന് കാണിച്ചു കൊടുക്കുകയാണ് സന്തോഷ് കൈലാസ്.
-സുധീര്‍ കൊരയങ്ങാട്
















