
വടകര: ഉള്‍ക്കനമുള്ള രചനകള്‍ കൊണ്ട് വേറിട്ട വഴിയേ സഞ്ചരിച്ച കവിയാണ് മൂടാടി ദാമോദരനെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കര്‍
അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ അനന്യഭാവങ്ങളെ ഒരു കര്‍ഷകന്റെ മനസ്സോടെയും മനുഷ്യ വ്യഥകളെ നീതിബോധത്തോടെയും അദ്ദേഹം ആവിഷ്‌കരിച്ചു. അധികാര രൂപങ്ങളോട് കലഹിക്കുന്ന സ്വാതന്ത്ര്യദാഹം ആ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു-സി.പി.അബൂബക്കര്‍ പറഞ്ഞു.
മൂടാടി ദാമോദരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മൂടാടി ദാമോദരന്‍ സമ്പൂര്‍ണ കവിതകള്‍ പി.കെ.പാറക്കടവ് പ്രകാശനം ചെയ്തു. ഡോ.എ.കെ.രാജന്‍ പുസ്തകം ഏറ്റുവാങ്ങി. മൂടാടി
ദാമോദരന്‍ സാഹിത്യ പുരസ്‌കാരം സുബിന്‍ അമ്പിത്തറയിലിന് സമ്മാനിച്ചു. വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സജയ് കെ വി, ഡോ.കെ.എം ഭരതന്‍, പി പി ദാമോദരന്‍, ടി കെ വിജയരാഘവന്‍, പുറന്തോടത്ത് ഗംഗാധരന്‍, പി പി രാജന്‍, തയ്യുള്ളതില്‍ രാജന്‍, സുബിന്‍ അമ്പിത്തറയില്‍ എന്നിവര്‍ പ്രസംഗിച്ചു. വടകര സാഹിത്യവേദിയും കേരള സാഹിത്യ അക്കാദമിയും ചേര്‍ന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
















