
വടകര: യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ നേതാവ് കെ.കെ.രമ വീണ്ടും ജനവിധി തേടുന്ന വടകരയില്‍ ഇടത് സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമായില്ല. ആര്‍ജെഡിയുടെ സീറ്റില്‍
ആര് മത്സരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു പിന്നാലെ സിപിഎമ്മും സിപിഐയും സംസ്ഥാനത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇടതുമുന്നണിയിലെ മറ്റൊരു പ്രമുഖ കക്ഷിയായ ആര്‍ജെഡിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്താത്ത സ്ഥിതി. വടകര ഉള്‍പെടെ ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അനിശ്ചിതത്വം തുടരുകയാണ്.
വടകരയില്‍ മത്സര മോഹവുമായി
ഒട്ടേറെ നേതാക്കള്‍ രംഗത്തുള്ളതാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്. രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകുമെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. ചര്‍ച്ചകള്‍ അനുസ്യൂതം തുടരുന്നുണ്ടെങ്കിലും തീരുമാനം മാത്രമുണ്ടാകുന്നില്ല.
ഇന്നു വൈകീട്ട് ആര്‍ജെഡി വടകര മണ്ഡലം
കമ്മിറ്റി ചേരുന്നുണ്ട്. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാവുമെന്നാണ് കരുതുന്നത്. ചിലപ്പോള്‍ വടകരക്കു പുറത്ത് നിന്ന് ആരെങ്കിലും സ്ഥാനാര്‍ഥിയാവാനുള്ള സാധ്യതയും തള്ളിക്കളയനാവില്ല.
ഏതായാലും ഇനി ഒട്ടും വൈകാതെ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കേണ്ടതുണ്ട്. സമീപ മണ്ഡലങ്ങളിലെല്ലാം ഇടതുമുന്നണി ഇന്നലെ തന്നെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
















