
ഫിലാഡെല്‍ഫിയ: ഫിഫ ലോകകപ്പിലെ ഐ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ്. ഫിലാഡെല്‍ഫിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന്
ഗോളുകള്‍ക്കാണ് കെലിയന്‍ എംബാപ്പെയും സംഘവും വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഫ്രാന്‍സ് നോക്കൗട്ടിലേയ്ക്ക് മുന്നേറി.
ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എംബാപ്പെയും ഡെംപെലെയും ഒലിസെയെയും പലതവണ ഗോളിനടുത്തെത്തി. 14-ാം മിനിറ്റില്‍ എത്തിയപ്പോള്‍ തന്നെ ഫ്രഞ്ച് പട മുന്നിലെത്തി. ബോക്‌സിന് വെളിയില്‍ നിന്നുള്ള എംബാപ്പെയുടെ ബുള്ളറ്റ് ഷോട്ട് ഗോളിയെ മറികടന്ന് പോസ്റ്റില്‍ കയറുകയായിരുന്നു. പിന്നീട് നിരവധി തവണ ഫ്രഞ്ച് പട ഇറാഖ് ഗോള്‍മുഖം വിറപ്പിച്ചു. എന്നാല്‍ ഗോള്‍ മാത്രം വന്നില്ല. 1-0 ന് ആദ്യ പകുതി
അവസാനിച്ചതിന് പിന്നാലെ മഴയും ഇടിമിന്നലും എത്തി. ആദ്യ പകുതിക്ക് ശേഷം രണ്ട് മണിക്കൂറോളം മത്സരം നിര്‍ത്തിവെച്ചു. കളി പുനഃരാരംഭിച്ചതോടെ ഫ്രഞ്ച് ആക്രമണവും തുടങ്ങി. 54-ാം മിനിറ്റില്‍ എംബാപ്പെ തന്നെ ഫ്രാന്‍സിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഈ ഗോളോടെ ലോകകപ്പിലെ എംബാപ്പെയുടെ ഗോള്‍ നേട്ടം 16 ആയി. ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാര്‍ഡിനൊപ്പമെത്താനും താരത്തിനായി. 18 ഗോളുകളുള്ള ലയണല്‍ മെസി മാത്രമാണ് എംബാപ്പെയ്ക്ക് മുന്നിലുള്ളത്. ഒസ്മാന്‍ ഡെംപെലെ 66-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ ഫ്രാന്‍സിന്റെ ഗോള്‍ നേട്ടം മൂന്നായി. മത്സരം 3-0 ന്് അവസാനിച്ചതോടെ ഫ്രാന്‍സ് നോക്കൗട്ടിലേയ്ക്ക് മുന്നേറി. ആദ്യ മത്സരത്തില്‍ സെനഗലിലെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എംബാപ്പെയും സംഘവും തോല്‍പ്പിച്ചിരുന്നു.
















