
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെ എസ് യു നേതാകള്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല
സെഷന്‍സ് കോടതിയാണ് വധശ്രമക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ജില്ലാ സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ആരോഗ്യ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിലിടെ ആരോഗ്യ മന്ത്രിക്ക് കഴുത്തിന് ക്ഷതമുണ്ടായെന്നാണ് കേസ്. എന്നാല്‍ മന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി അക്രമിച്ചുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ദൃശ്യം പൊലിസിന്
കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തത് പ്രൊസിക്യൂഷന്‍ വാദത്തെ ദുര്‍ബലമാക്കിയിരുന്നു. ഇതോടെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യത്തിന് വഴി തുറന്നത്.















