
വടകര: കുരിയാടി ഫിഷ്‌ലാന്റിംഗ് സെന്റര്‍ പരിസരത്തെ കാഴ്ച ഏവരിലും നടുക്കമുളവാക്കുന്നതാണ്. നൂറുകണക്കിന് മദ്യക്കുപ്പികളാണ് കടലോരം
കൈയടക്കിയിരിക്കുന്നത്. കടല്‍ഭിത്തിക്കരികിലും മരച്ചുവട്ടിലും റോഡിനു സമീപത്തുമൊക്കെയായി നിറയെ മദ്യക്കുപ്പികള്‍.
ഉച്ചയാകുമ്പോഴേക്കും പലരും മദ്യവുമായി ഇവിടെ എത്തി ലഹരി നുകര്‍ന്ന് കുപ്പികള്‍
പരിസരത്ത് വലിച്ചെറിഞ്ഞ് സ്ഥലം വിടുന്നു. ഇത് ഇവിടത്തെ പതിവ് കാഴ്ചയായിട്ട് ആഴ്ചകളായി. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലില്‍ ഇവിടെ എത്തുന്ന മദ്യപാനികളുടെ
എണ്ണം കൂടിവരുന്നു. വിദ്യാര്‍ഥികള്‍ പോലും മദ്യവുമായി വരുന്നുണ്ടെന്നാണ് പറയുന്നത്. വടകര ടൗണിലെ ബീവേറജില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം വാങ്ങി നേരെ കിലോമീറ്ററുകള്‍ അകലെയുള്ള കുരിയാടിയിലെത്തുകയാണ്. ഇതോടൊപ്പം മറ്റ് ലഹരി
വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇത് വലിയ സാമൂഹിക വിപത്താവുകയാണെന്ന ആശങ്ക പങ്കുവെക്കുകയാണ് ഇവിടത്തെ മുതിര്‍ന്നവര്‍.
ഹരിത കര്‍മസേനയും പൊതുപ്രവര്‍ത്തകരും ഇന്ന് രാവിലെ കടലോരം ശുചിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇതിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്. ചാക്കുകളിലാണ് മദ്യക്കുപ്പികള്‍ ഇവിടെ
നിന്ന് ശേഖരിച്ചത്. അത്രമാത്രം കുപ്പികളാണ് കടലോരത്തുണ്ടായിരുന്നത്. വിഷയം പോലീസിന്റെയും എക്‌സൈസിന്റെയും ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. ഏതായാലും പ്രശ്‌നം ഗൗരവത്തിലെടുത്തിരിക്കുകയാണ് പൊതുപ്രവര്‍ത്തകര്‍. ഇക്കാര്യത്തില്‍ യോഗം വിളിച്ച് നടപടിക്ക് മുതിരാനാണ് നീക്കം. കുടുംബങ്ങളില്‍ അസ്വാരസ്യമുളവാക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഫലപ്രദമായ
ഇടപെടല്‍ വേണ്ടതുണ്ട്. വനിതകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ ഗുണം ചെയ്യുമെന്ന അഭിപ്രായമുണ്ട്.
ഇന്ന് നടന്ന ശുചീകരണത്തിന് വാര്‍ഡ് കൗണ്‍സിലര്‍ പി.പി.വ്യാസന്‍, പൊതുപ്രവര്‍ത്തകരായ പി.അശോകന്‍, സുനില്‍ദത്ത്, പ്രഹ്ലാദന്‍, സി.എച്ച്.കൃഷ്ണദാസ്, വളപ്പില്‍ ഗിരീശന്‍, വി.കെ.ശൈലേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















