വടകര: ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ ആറാം ക്ലാസുകാരി തയ്യാറാക്കിയ പ്രതിജ്ഞാവാചകം ശ്രദ്ധേയമായി. ഒഞ്ചിയം ഗവ. യുപി സ്‌കൂളിലെ
ഫാത്തിമത്തുല്‍ സഹറയാണ് ഈ മിടുക്കി. ഫാത്തിമത്തുല്‍ സഹറ തയ്യാറാക്കിയ പ്രതിജ്ഞാവാചകം സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലി. ‘എന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം ദോഷകരമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ ആവശ്യമില്ലാത്ത സമയങ്ങളില്‍ സോഷ്യല്‍മീഡിയയും സ്‌ക്രീനുകളും ഒഴിവാക്കുമെന്നും ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീന്‍ സമയം അവസാനിപ്പിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഡിജിറ്റല്‍ ഉപകരണത്തിനു പകരം വായന, വ്യായാമം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കല്‍ എന്നിവക്ക് മുന്‍ഗണന നല്‍കും’ ഇതാണ് ഫാത്തിമത്തുല്‍ സുഹറ തയ്യാറാക്കിയ പ്രതിജ്ഞാവാചകം. ഡിജിറ്റല്‍ ഉപവാസ വാരാചരണത്തിന്റെ ഭാഗമായാണ് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കായി പ്രതിജ്ഞാവാചകം തയ്യാറാക്കല്‍ മത്സരം സംഘടിപ്പിച്ചത്. ഇതില്‍ ഫാത്തിമത്തുല്‍ സഹറക്കാണ് ഒന്നാം സ്ഥാനം. കുട്ടികളുടെ മാനസിക
സുസ്ഥിതിക്കും പഠന പുരോഗതിക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌നേഹം പദ്ധതിയുടെ ഭാഗമായാണ് ഒഞ്ചിയം ഗവ. യുപി സ്‌കൂളില്‍ ഡിജിറ്റല്‍ ഉപവാസ വാരം ആചരിച്ചത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറക്കുക, കുട്ടികളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാരാചരണം നടത്തിയത്. ഇതിന്റെ ഭാഗമായി പ്രതിജ്ഞ തയ്യാറാക്കല്‍ മത്സരത്തിനു പുറമേ ഉപന്യസം തയ്യാറക്കല്‍ (വിഷയം: ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും), അനുഭവകുറിപ്പ് തയ്യാറാക്കല്‍ (വിഷയം: ഫോണ്‍ ഫ്രീ ഈവനിംഗ്) എന്നീ മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് പ്രധാന അധ്യാപകന്‍ ടി.വി.എ.ജലീല്‍ ഉപഹാരങ്ങള്‍ നല്‍കി. പദ്ധതിയുടെ സ്‌കൂള്‍തല കോര്‍ഡിനേറ്റര്‍ ബിജു മൂഴിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.റീന, സുജിത്ത് കുമാര്‍, പ്രീതി, തെസ്ലി, ശ്രീജ, ബിന്ദു, നിത്യാനാഥ്, ദേവവിനോദ് എന്നിവര്‍ സംസാരിച്ചു.















