
വടകര: സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷന്‍ സൈ-ഹണ്ട്’ പരിശോധനയില്‍ വടകരയില്‍ രണ്ടുപേര്‍ പിടിയില്‍. ചോറോട് കണിയാന്റെ മീത്തല്‍ കെ.എം.സിറാജ്, പുതുപ്പണം ഖാദര്‍ കണ്ടിയില്‍
കെ.കെ.സഫീര്‍ എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്. സഫീര്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗമാണ്. വടകര പോലീസ് സ്റ്റേഷനില്‍ അഞ്ച് കേസുകളാണ് ഇത് സംബന്ധിച്ചുള്ളത്.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ സൈ-ഹണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകള്‍ വഴി കൈമാറുകയും ഇതിന് നിശ്ചിത തുക
അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുകയുമാണ് ചെയ്യുക. അഞ്ച് ലക്ഷം രൂപ കൈമാറിയാല്‍ 6000 രൂപയാണ് അക്കൗണ്ട് ഉടമയ്ക്ക് കിട്ടുക. സാമ്പത്തിക ക്രമക്കേടുകള്‍ക്കും ഓണ്‍ലൈന്‍ ചതിക്കുഴികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. വടകര മേഖലയില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
















