
വടകര: കേരളത്തിലെ ജയിലുകള്‍ ഇന്ന് ശിക്ഷാ കേന്ദ്രങ്ങള്‍ മാത്രമല്ലെന്നും
തടവുകാരുടെ ചിന്തകളിലും ജീവിത രീതികളിലും ഗുണകരമായ മാറ്റം കൊണ്ടുവരുന്ന തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണെന്നും മുഖ്യമന്ത്രി
പിണറായി വിജയന്. വടകര പുതുപ്പണത്ത് നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ റൂറല്‍ ജില്ലാ ജയിലിന്റെ പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സുരക്ഷാ മാര്‍ഗങ്ങളിലൂടെ ജനജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അഴിമതിരഹിത കേരളം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കരുത്തുറ്റ ഭരണസംവിധാനങ്ങള്‍ ആവശ്യമാണ്. ഈ കാഴ്ചപ്പാടോടെയാണ് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. എക്സി. എഞ്ചിനീയര്‍ ഷാനിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശശി, അസി. എക്സി. എഞ്ചിനീയര്‍ പി.കെ.ബിജു, കൗണ്‍സിലര്‍ വി.കെ.ബിജു, ജില്ലാ ജയില്‍ സൂപ്രണ്ട് കെ.പി.അഖില്‍രാജ്, വടകര സബ് ജയില്‍ സൂപ്രണ്ട് വി.ടി.കെ.രവീന്ദ്രന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.ഭാസ്കരന്, ആര്.സത്യന്, സി.കുമാരന്, വി.കെ.അസീസ്, പി.പി.വ്യാസന്, കെ.ചിത്രന്, സി.പി.റിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. 18 കോടി രൂപ ചെലവില്‍
നിര്‍മിക്കുന്ന ജയിലിന്റെ ചുറ്റുമതിലും പ്രധാന കവാടവും ഉള്‍പ്പെടുന്ന 2.35 കോടി രൂപയുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. മൂന്നു നിലകളിലായി നിര്‍മിക്കുന്ന ജയിലില്‍ ലിഫ്റ്റ്, വീഡിയോ കോണ്‍ഫറന്‍സ് റൂം, ഓഫീസ് മുറികള്‍, ഇന്റര്‍വ്യൂ റൂം, യോഗ ഹാള്‍, ലൈബ്രറി, രണ്ട് നിലകളിലായി സെല്ലുകള്‍ ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. 223 അന്തേവാസികളെ താമസിപ്പിക്കാനുള്ള സൗകര്യവും മിനിസ്റ്റീരിയല്‍ സ്റ്റാഫ്, 150ഓളം ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള സൗകര്യവുമായാണ് പുതിയ ജയില്‍ കെട്ടിടം നിര്‍മിക്കുക.















