
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും അഞ്ച്,
ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. ഒമ്പത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ
നടത്താനാണ് ആലോചിക്കുന്നത്. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂല തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
ഇറാനിലെ സ്കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത്
ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.















