
വടകര: ഇറാന്‍-ഇസ്രായേല്‍-യുഎസ് സൈനിക നീക്കങ്ങളെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്തിരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്
വടകര എംപി ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഇന്ന് നടന്ന മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍, ഇറാന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വലിയ ഭീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ
നട്ടെല്ലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് സംരക്ഷണമൊരുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാഹചര്യം കൂടുതല്‍ വഷളാകുകയാണെങ്കില്‍ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഹൈ-ലെവല്‍ ഇവാക്വേഷന്‍ പ്രോട്ടോക്കോളുകള്‍ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങള്‍ വഴി അടിയന്തരമായി സജ്ജമാക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ടെഹ്റാന്‍, ടെല്‍ അവീവ്, അബുദാബി, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍
മതിയായ ജീവനക്കാരെ ഉറപ്പാക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രവാസികളില്‍ ഭൂരിഭാഗവും മലയാളികളായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരിന്റെ നോര്‍ക്കയും ചേര്‍ന്ന് വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക കോര്‍ഡിനേഷന്‍ സെല്‍ രൂപീകരിക്കണമെന്നും ഷാഫി പറമ്പില്‍ എംപി കത്തിലൂടെ അഭ്യര്‍ഥിച്ചു. കത്തിന്റെ പകര്‍പ്പ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും അദ്ദേഹം കൈമാറിയിട്ടുണ്ട്.
















