
കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് രണ്ട് ദിവസമായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍
കോളജിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ കാറില്‍ മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു.
രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ്
വിലയിരുത്തിയിരുന്നു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്നും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. റോഡു മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
















