
തിരുവനന്തപുരം: ചികിത്സാപ്പിഴവിനെതിരായ കെഎസ്യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിജിപി റവാഡ
ചന്ദ്രശേഖര്‍ പറഞ്ഞു. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് അറസ്റ്റിലായത്.
ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ്
പരിക്കേറ്റിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപതിയിലെ ഐസിയുവില്‍ ചികിത്സയിലാണ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂരില്‍ മന്ത്രിക്ക് നേരെ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെഎസ്യുവിന്റെ പ്രതിഷേധം ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എന്‍.എം.ഷംസീറും
ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയും സിപിഎം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു. വനിതാ മന്ത്രിയെ കയ്യേറ്റം ചെയ്തത് ശരിയായില്ലെന്നും മന്ത്രിയോട് യുഡിഎഫ് മാപ്പ് പറയണമെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റേത് ഹീനമായ രാഷ്ട്രീയമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
















