
വടകര: സ്വാതന്ത്ര്യവും ദേശീയ പതാകയും ദേശീയഗാനവും ഈ രാജ്യത്തിന് നല്കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ,
മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണമെന്നും കപട ദേശീയവാദികളെ തിരിച്ചറിയണമെന്നും കര്‍ണാടക ഉപ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
ഓര്‍ക്കാട്ടേരി ചന്ത മൈതാനില്‍ യുഡിഎഫ്-ആര്‍എംപിഐ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ എന്റെ പേരിലും ധാരാളം കേസുകളുണ്ട്. എന്നാല്‍
കേരളത്തിലെ ഇടത് നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കട്ടതിന്റെ പേരിലാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ഞാനടക്കം ആയിരങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ സ്വര്‍ണം പോലും കട്ടു കളയുന്നവരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടത്താത്തതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഇത് കേരളത്തിലെ ഇടതുമുന്നണിയും മോദിയും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്. ബംഗാളിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും എല്ലാം മുഖ്യമന്ത്രിയുമായി മോദിക്ക് ശത്രുതയുണ്ടാകുമ്പോള് കേരളത്തില്‍ വലിയ സൗഹൃദമാണ്. ഇത് അന്തര്‍ധാരയെ
സൂചിപ്പിക്കുന്നു. ദൈവത്തിന് നീതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനത്തിന് നീതി കൊടുക്കാന്‍ കഴിയുമോ-അദ്ദേഹം ചോദിച്ചു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ ഭക്ഷ്യോല്പനകളുടെ വിലകുത്തനെ ഉയര്‍ന്ന നിലയിലായിരുന്നു ഈ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇതുതന്നെ കേരളത്തിലും സാധ്യമാകും എന്നാണ് ഞാന്‍ നിങ്ങള്‍ക്കുറപ്പ് തരുന്നത്.
കര്‍ണാടകത്തില്‍ എല്ലാ കുടുംബനാഥകള്‍ക്കും 2000 രൂപ മാസത്തില്‍ കിട്ടുന്നു. എല്ലാ
സ്ത്രീകളും ബസില്‍ സൗജന്യ യാത്ര നടത്തുന്നു. എന്തൊക്കെയാണോ ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത് അതു മുഴുവന്‍ ഞങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മയില്‍ കേരളത്തിലെ യുവാക്കള്‍ പൊറുതിമുട്ടുകയാണ്. യുവാക്കളുടെ അന്തസ്സ് ഉയര്‍ത്തുന്ന രൂപത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അവസരമൊരുക്കുമെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.പി അബ്ദുല്‍ സമദ് സമദാനി, ശ്രീനാദേവി കുഞ്ഞമ്മ, എന്‍.വേണു കെ.കെ.രമ, പി.പി.ജാഫര്‍, എംസി വടകര, ടി.ആര്.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
















