
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം.കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി.കെ.പ്രവീണും കല്പറ്റയില്‍
പി.കെ.അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാറാണ് കോഴിക്കോട്ട് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
ആര്‍ജെഡി ജില്ലാ പ്രസിഡന്റായ എം.കെ.ഭാസ്‌കരന്‍ ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മൂന്ന് തവണ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്.
കൂത്തുപറമ്പില്‍ നിലവിലെ എംഎല്‍എ കെ.പി.മോഹനന്റെ സഹോദരപുത്രനാണ്
പി.കെ.പ്രവീണ്‍. കഴിഞ്ഞ തവണ പാനൂര്‍ നഗരസഭാ കൗണ്‍സിലറായിരുന്നു. രണ്ടു തവണ പാനൂര്‍ പഞ്ചായത്തംഗവുമായിട്ടുണ്ട്. നാലു വര്‍ഷം യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
കല്‍പറ്റ സ്ഥാനാര്‍ഥിയായ അനില്‍കുമാര്‍ വയനാട് ഡിസിസി സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നത്. മുന്‍ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവും വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.കെ.ഗോപാലന്റെ മകനാണ് അനില്‍കുമാര്‍.
















