
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും,
മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.
സംസ്ഥാനത്തെ എസ്‌ഐആര്‍ ( വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടര്‍മാരാണുള്ളത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം
നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായാണ് വിവരം. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണും.
















