തൃശൂര്‍: നാട്ടിക എംഎല്‍എ സി.സി.മുകുന്ദനെ സിപിഐ പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മുകുന്ദന്‍ നിരന്തരമായി അച്ചടക്കം
ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാര്‍ട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചു. നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി. തുടര്‍ന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീടും പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തുന്നതിനാല്‍ അദ്ദേഹത്തെ പുറത്താക്കുകയാണെന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാട്ടികയില്‍ ഗീതാഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മുകുന്ദന്‍ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചിരുന്നു.















