
കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ
ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് വിജിഷയ്ക്ക് തീപ്പൊള്ളലേറ്റത്. പൊങ്കാലയിടുന്നതിനിടെ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. പരിക്കേറ്റ ഇവരെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോര്‍ട്ടം
ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന വ്യക്തിയാണ് വിജിഷ. കോഴിക്കോട് നിന്നും വലിയൊരു സംഘത്തിന് ഒപ്പമാണ് ഇത്തവണയും വിജിഷ പൊങ്കാലയിടാനായി തിരുവനന്തപുരത്ത് എത്തിയത്.
അപകടകാരണം സുരക്ഷാ കുറവെന്ന് കുടുംബം
മതിയായ സുരക്ഷ ഒരുക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് വിജിഷയുടെ ഭര്‍ത്താവ് ദിനേശ് കുമാര്‍ പറഞ്ഞു. കെടിഡിസിയുടെ ചൈത്രം ഹോട്ടലിന് മുന്നിലായിരുന്നു പൊങ്കാലയിട്ടത്. അവിടെ അകലം പാലിക്കാത്ത നിരവധി അടുപ്പുകളുണ്ടായിരുന്നെന്നും
കുടുംബം ആരോപിച്ചു.
തൊട്ടടുത്ത അടുപ്പില്‍ നിന്നു നിശ്ചിത അകലം പാലിച്ചിരുന്നെങ്കില്‍ തീപിടിക്കില്ലായിരുന്നെന്നും വിജിഷയുടെ ദിനേശ് കുമാര്‍ ചൂണ്ടിക്കാട്ടി.
തീപൊള്ളലേറ്റതോടെ ഭയപ്പെട്ട വിജിഷ തൊട്ടടുത്ത ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന സ്ത്രീകളാണ് കയ്യിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തീ കെടുത്തിയത്. ഉടന്‍ ആംബുലന്‍സ് എത്തി വിജിഷയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
















