
വടകര: സഹകരണ ആശുപത്രിക്ക് സമീപത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മലപ്പുറം
പാണ്ടിക്കാട് പൂക്കുന്നുമ്മല്‍ ജംഷിദ് (31), പുതുപ്പണം ചന്ദനം പറമ്പ് സജീര്‍ (44), പുതുപ്പണം കുന്നുമ്മല്‍ താഴെ ഷബീര്‍ (36) എന്നിവരെയാണ് വടകര പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു ദിവസത്തേക്കാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടു ദിവസത്തേക്കാണ് വടകര എന്‍ഡിപിഎസ് കോടതി അനുവദിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കണം.
ഒക്ടോബര്‍ 26 നാണ് 39.5 ഗ്രാം എംഡിഎംഎ യുമായി ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സ്ക്വാഡും വടകര പൊലീസും ചേര്‍ന്ന് സഹകരണാശുപത്രി പരിസരത്ത് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ എത്തിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പ്രതികള്‍. ഇവര്‍ക്ക് ലഹരി കൈമാറിയ മൊത്ത വിതരണക്കാരേയും ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.
















