കോഴിക്കോട്: റൂറല്‍ ജില്ലാ ട്രൈബല്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി
പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോടഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയിലെ ഉന്നതികളിലെ യുവതീയുവാക്കള്‍ക്കായി അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലനവും ഫുട്ബോള്‍
ടൂര്‍ണമെന്റും സംഘടിപ്പിച്ചു. വട്ടച്ചിറ ഉന്നതി സാംസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ച അടിസ്ഥാന കംപ്യൂട്ടര്‍ പരിശീലന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ മേഖലയിലെ ജനങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ടാണ് പോലീസ് ഇത്തരം കര്‍മ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. യുവതലമുറയെ കംപ്യൂട്ടര്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനൊപ്പം ലഹരി പോലുള്ള സാമൂഹിക തിന്മകളില് അകപ്പെടാതെ കായികരംഗത്തും മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഇത്തരം ജനമൈത്രി പരിപാടികളിലൂടെ പോലീസ് ലക്ഷ്യമിടുന്നതെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. താമരശ്ശേരി ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, വാര്‍ഡ് മെമ്പര്‍മാരായ ബാബു പട്ടരാട്ട്, ചന്ദ്രന്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റിയാനസ് സുബൈര്‍, സത്യന് ചോലയില്‍, കോടഞ്ചേരി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ റസാഖ്, വട്ടച്ചിറ ഊരുമൂപ്പന് അയ്യപ്പന്, എസ്.ടി പ്രമോട്ടര്‍ ശ്യാം
കിഷോര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ഊരുമൂപ്പന്മാരെയും ഉന്നതിയിലെ മുതിര്‍ന്ന പൗരന്മാരെയും ജില്ലാ പോലീസ് മേധാവി പൊന്നാടയണിയിച്ച് ആദരിച്ചു.
സൈബര്‍ മേഖലയിലെ ചതിക്കുഴികളെക്കുറിച്ച് കോടഞ്ചേരി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിയുടെ പരിശീലകനായ ജിതിന് പി.ബാബു ഡിജിറ്റല്‍ സാക്ഷരതയുടെ അടിസ്ഥാനകാര്യങ്ങള്‍ വിശദീകരിച്ചു. റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.ആര് സ്വാഗതവും കോടഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ ബീന നന്ദിയും പറഞ്ഞു. വട്ടച്ചിറ ഉന്നതി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് കിക്ക് ഓഫ് ചെയ്തു. ടീമുകള്‍ക്ക് ജില്ലാ പോലീസ് മേധാവി ഫുട്ബോളും സ്പോര്‍ട്സ് കിറ്റും വിതരണം ചെയ്തു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ലെജന്‍ഡ്സ് വട്ടച്ചിറയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് പരാജയപ്പെടുത്തി ഗ്രീന്‍ വാലി വട്ടച്ചിറ ഒന്നാം സ്ഥാനം കരസ്ഥമാക്കി.















