മണിയൂര്‍: കോര്‍പ്പറേറ്റ്വല്‍ക്കരിക്കപ്പെട്ട ആരോഗ്യ മേഖലയ്ക്ക് പുതുവെളിച്ചം പകരാന്‍ പാലിയേറ്റീവ് പ്രസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി രമേശ് കാവില്‍ അഭിപ്രായപ്പെട്ടു. കാരുണ്യം പാലിയേറ്റീവ് കെയര്‍ മണിയൂരിന്റെ 2027 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനവും
വളണ്ടിയര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരുംകാലങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും സംഘടന പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഓര്‍മ്മിപ്പിച്ചു. സാന്ത്വന പരിചരണത്തോടൊപ്പം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ കാരുണ്യം പാലിയേറ്റീവ് കെയറിന്റെ ആദ്യ കലണ്ടര്‍ പതിയാരക്കരയിലെ വി.സി.കുഞ്ഞമ്മദ് ഹാജി ഏറ്റുവാങ്ങി. സി.എം.വിജയന് അധ്യക്ഷത വഹിച്ചു. എം.പി.അബ്ദുല്‍ റഷീദ്, പി.പി.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. കാരുണ്യം പ്രസിഡന്റ് വി.പി.സുരേഷ് സ്വാഗതവും സൈഫുന്നിസ നന്ദിയും പറഞ്ഞു. സിസ്റ്റര്‍ സിമിഷ നാസര്‍.കെ.ഇ, പ്രമോദ് ബാബു.പി.എം, ഷാജി.വി.പി, സി.എം.അഷ്റഫ്, വിലങ്ങില്‍ രമേശന്, സത്യഭാമ, ഷമീന, ജംസിന, സറിന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സിസ്റ്റര്‍ ജയശ്രീയുടെ നേതൃത്വത്തിലുള്ള ‘ടീം കാരുണ്യം’ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.















