
കൊച്ചി: ജഡ്ജിപുത്രനായ 17കാരന് കാറിടിച്ച് കൊലപ്പെടുത്തിയ ജയബാലകൃഷ്ണന്റെ തട്ടുകട ഭാര്യയും മകളും ചേര്‍ന്ന് വീണ്ടും തുറന്നു. മകള്‍ ഭദ്രകീര്ത്തിയും അമ്മ ബിന്ദുവും
സഹോദരനും ചേര്‍ന്നാണ് ചിറ്റൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം തട്ടുകടയുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. ഭാര്യ ബിന്ദുവും ഭദ്രകീര്ത്തിയും ജയബാലകൃഷ്ണന്റെ ഫോട്ടോയ്ക്കു മുന്നില്‍ വൈകിട്ട് വിളക്കു തെളിച്ചു. നിരവധി നാട്ടുകാരുമുണ്ടായിരുന്നു. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഭദ്രകീര്ത്തി ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ചിരുന്നു
കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു തട്ടുകട. ഈ കടയില്‍നിന്ന് മാഞ്ഞാലിയിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങവേയാണ് കണ്ടെയ്നര്‍ റോഡില്‍ ബെന്‍സ്
കാറിടിച്ച് ജയബാലകൃഷ്ണന്‍ മരിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി നടത്തിവന്ന കടയിലെ തട്ടുദോശയും ചമ്മന്തിയും ഓംലറ്റുമെല്ലാം നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അതേ രീതിയില്‍ തട്ടുകട മുന്നോട്ട് കൊണ്ടുപോകുമെന്നും അച്ഛന് നീതി കിട്ടുംവരെ പോരാടുമെന്നും ഭദ്രകീര്ത്തി പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചരിക്കുകയാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതെന്നും ഇത് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
















