കൊയിലാണ്ടി: സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവര്‍ക്ക് കൂടുതല്‍ സഹായവും പിന്തുണയും നല്കുന്ന
ജനകീയ സംവിധാനമാണെന്ന് ടൂറിസം-സഹകരണ മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഹകരണ വാരാഘോഷം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയിലും ദേശീയ പുരോഗതിയിലും സഹകരണ പ്രസ്ഥാനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. സഹകരണ മേഖല കേവലം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ വിശാല സാമൂഹിക കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്നു. വിവിധ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ട്. ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ മൂലധനം. ആ വിശ്വാസം സംരക്ഷിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ താങ്ങും തണലുമായി മാറാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ചടങ്ങില്‍ കെ.പ്രവീണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ, താലൂക്ക് തലങ്ങളില്‍ സംഘടിപ്പിച്ച പ്രസംഗ, പ്രബന്ധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ചടങ്ങില്‍ നടന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാര്‍, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് എംഡി ഡോ. എം.രാമനുണ്ണി നയിച്ചു. ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ സഹകാരികളും സഹകരണ മേഖലയിലെ ജീവനക്കാരും അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)
കെ.ഷീജ, വടകര സര്‍ക്കിള്‍ സഹകരണ യൂണിയന് പ്രതിനിധി രവീന്ദ്രന് ആയാടത്തില്‍, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വിജയന്, കടത്തനാട് പ്രവാസി സഹകരണ സംഘം പ്രസിഡന്റ് ഐ.മൂസ, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്, പാക്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് നൗഷാദ് പുത്തൂര്‍, എംപ്ലോയീസ് ഫ്രണ്ട് പ്രതിനിധി സി.വി.അജയന്, സിഇഒ സ്റ്റേറ്റ് സെക്രട്ടറി ഇഖ്ബാല്‍ കത്തര്മല്, ഐഎന്‍ടിയുസി പ്രതിനിധി സി.വി.അഖില്‍, ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന് പ്രതിനിധി നംഷീദ്, കെസിഇസി പ്രതിനിധി മലയില്‍ ബാലകൃഷ്ണന്, ചേളന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്, കൊയിലാണ്ടി സര്‍വീസ് സഹകരണ യൂണിയന് ചെയര്മാന് എ.കെ.മണി എന്നിവര്‍ സംസാരിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. നവംബര്‍ 14 മുതല്‍ 20 വരെയാണ് വാരാഘോഷം. സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 14 ന് എറണാകുളത്ത് മുഖ്യമന്ത്രി വി.ഡി.സതീശന് നിര്‍വഹിച്ചിരുന്നു.















