ശബരിമല: മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് നാലിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി
നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി പകര്‍ന്നതോടെ സന്നിധാനം ശരണാരവത്തില്‍ മുങ്ങി.
ഇരുമുടിക്കെട്ടുമായി വന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി എ.ദാമോദരന്‍ നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ സോപാനത്തേക്ക് ആനയിച്ചു. വൃശ്ചികപ്പുലരിയായ നാളെ പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. വൃശ്ചികം ഒന്നുമുതല്‍ മണ്ഡലപൂജ വരെ പ്രതിദിനം 80,000 പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ 60,000 പേര്‍ക്ക് ദര്‍ശനം നടത്താം. സ്പോട്ട് ബുക്കിംഗ് വഴി നിലയ്ക്കലില്‍ 10,000 പേര്‍ക്കും എരുമേലി കാനനപാതവഴി 2,000 പേര്‍ക്കും വണ്ടിപ്പെരിയാര്‍ സത്രം പുല്‍മേടുവഴി 2,000 പേര്‍ക്കും ദര്‍ശനം നടത്താനാകും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ എരുമേലി, സത്രം കാനന പാതകള്‍ വഴി 3,000 പേര്‍ക്ക് വീതം ദര്‍ശന സൗകര്യമുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനിലും സ്പോട്ട് ബുക്കിംഗിന് സൗകര്യമൊരുക്കും. തിരക്കിനനുസരിച്ചാണ് ഇവിടെ നിന്ന് ബുക്കിംഗ് നല്‍കുക. പമ്പയില്‍ തീര്‍ഥാടന കാലത്ത് സ്പോട്ട് ബുക്കിംഗ് ഇല്ല.















